നനഞ്ഞ തുണിയിൽനിന്ന് വൈദ്യുതി; മൊബൈൽ ചാർജ് ചെയ്യാമെന്ന് ത്രിപുര എൻജിനീയർ
text_fieldsഅഗർത്തല: നനഞ്ഞ തുണിയിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സാങ്കേതികത വികസിപ്പിച്ച് ത്രിപുര സ്വദേശിയായ എൻജിനീയർ. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈൽ ഫോണുകളും മെഡിക്കൽ ഡയഗ്നോസ്റ്റിക് കിറ്റുകളും ചാർജ് ചെയ്യാമെന്നാണ് എൻജിനീയറായ ശൻഖ സുബ്ര ദാസ് അവകാശപ്പെടുന്നത്. ഈ കണ്ടുപിടിത്തം നവീന ആശയത്തിനുള്ള ഗാന്ധിയൻ യങ് ടെക്നോളജിക്കൽ ഇന്നവേഷൻ (ജി.വൈ.ടി.ഐ) പുരസ്കാരവും ശൻഖയെ തേടിയെത്തി. ഈ മാസമാദ്യം കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ പുരസ്കാരം സമ്മാനിച്ചു.
ബംഗ്ലദേശ് അതിർത്തിയിലെ സിപാഹിജാല ജില്ലയിലെ ചെറിയ ഗ്രാമമായ ഖേദാബരിയിൽനിന്നുള്ളയാളാണ് ശൻഖ സുബ്ര ദാസ്. ഖരഗ്പുർ ഐ.ഐ.ടിയിൽനിന്ന് പിഎച്ച്.ഡി നേടിയ ഇദ്ദേഹം ജലത്തിൻ്റെ കാപ്പിലറി ചലനത്തെയും വെള്ളം നീരാവിയായി പോകുന്നതിനെയും ആശ്രയിച്ചാണ് ഈ സാങ്കേതികത വികസിപ്പിച്ചിരിക്കുന്നത്.
പ്രത്യേക അളവിൽ മുറിച്ച തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ തുണി പകുതി വെള്ളം നിറച്ച ഒരു ബക്കറ്റിൽ കുത്തനെ വെച്ചിരിക്കുന്ന പ്ലാസ്റ്റിക് സ്ട്രോയിൽ ഇറക്കി വെക്കും. ഈ സ്ട്രോയുടെ രണ്ടു വശങ്ങളിലും കോപ്പർ ഇലക്ട്രോഡുകൾ ഘടിപ്പിച്ച് വോൾട്ടേജ് ശേഖരിക്കും. വെള്ളം മുകളിൽ എത്തുമ്പോൾ കാപ്പിലറി ചലനം (ദ്രാവകങ്ങൾ സ്ട്രോ പോലുള്ള ഇടുങ്ങിയ ഇടങ്ങളിലൂടെ ഗുരുത്വാകർഷണത്തിൻ്റെ സഹായമില്ലാതെയോ, ഗുരുത്വാകർഷണത്തിന് എതിരായോ ചലിക്കുന്നത്) മൂലം വോൾട്ട്മീറ്ററിൽ 700 മില്ലി വോൾട്ട് രേഖപ്പെടുത്തും.
ഇലക്ട്രിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള വൈദ്യുതി ഇത്തരം ഒരു ഉപകരണം കൊണ്ട് ഉൽപാദിപ്പിക്കാനാകില്ല. ഇത്തരം 30–40 ഉപകരണങ്ങൾ സംയുക്തമായി പ്രവർത്തിപ്പിച്ചാണ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ചാർജ് ലഭിക്കുന്നതെന്ന് ശൻഖ പറഞ്ഞു.
ഇങ്ങനെ ഈ ഉപകരണങ്ങൾ കൊണ്ട് 12 വോൾട്ട് ഉൽപ്പാദിപ്പിക്കാൻ കഴിയും. ഇതു ചെറിയ എൽ.ഇഡി ലൈറ്റുകൾ കത്തിക്കാനും മൊബൈൽ ചാർജ് ചെയ്യാനും ഹീമോഗ്ലോബിൻ -ഗ്ലൂക്കോസ് ടെസ്റ്റിങ് കിറ്റുകൾ പോലുള്ള ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനും ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രാമീണ മേഖലകളിൽ കുറഞ്ഞ ചെലവിൽ ചാർജിങ് സൗകര്യം ഒരുക്കാനുള്ള ഗവേഷണത്തിൻ്റെ ഭാഗമായാണ് ശൻഖ ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.