എല്ലാ ഫോണുകൾക്കും ഒരേ ചാർജർ മതിയെന്ന് യൂറോപ്യൻ കമീഷൻ; അത് ശരിയാകില്ലെന്ന് ആപ്പിൾ
text_fieldsഫോണുകളടക്കമുള്ള പരമാവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഒരേ പോലെയുള്ള ചാർജിങ് പോർട്ട് വേണമെന്ന് യൂറോപ്യൻ കമീഷന്‍റെ നിർദേശം. യു.എസ്.ബി-സി ടൈപ് ചാർജർ എല്ലാ ഫോണുകളിലും വേണമെന്നാണ് നിർദേശം. ഇ-മാലിന്യം വർധിക്കുന്നത് തടയുകയാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം.
സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കാമറ, ഹെഡ്ഫോൺ, സ്പീക്കറുകൾ തുടങ്ങിയവക്കൊക്കെ യു.എസ്.ബി-സി പോർട്ട് ചാർജറുകൾ വേണമെന്നാണ് കമീഷൻ പറയുന്നത്. കമീഷന്‍റെ നിർദേശം യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പരിശോധിക്കും. പുതിയ മാറ്റം നടപ്പാക്കാൻ ആവശ്യമായ സമയം കമ്പനികൾക്ക് അനുവദിച്ച് 2022 അവസാനിക്കുേമ്പാഴേക്ക് നിർദേശം പ്രാബല്യത്തിൽ വരുത്തണമെന്ന് പറയുന്ന കമീഷന്‍ ഇ-മാലിന്യത്തിന്‍റെ ഭീകരത സംബന്ധിച്ചും വ്യക്തമാക്കുന്നുണ്ട്.
യൂറോപ്യൻ യൂണിയനിൽ ആളോഹരി മൂന്ന് ചാർജറുകൾ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം മാത്രം 42 കോടി മൊബൈൽ ഫോണുകൾ വിറ്റിട്ടുണ്ട്. 11000 ടൺ ചാർജിങ് കേബ്ളുകൾ ഒരോ വർഷവും ഉപയോഗിക്കാതെ കിടക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ മാലിന്യമായി മാറുന്നുണ്ടെന്നാണ് യൂറോപ്യൻ കമീഷന്‍റെ കണ്ടെത്തൽ. എല്ലാ ചാർജിങ് കേബ്ളുകളും ഒരേ പോലെ ആയാൽ നിരന്തരം ഉപയോഗിക്കാനും പുതിയ മാലിന്യം ഉണ്ടാകുന്നത് തടയാനുമാകും.
അതേസമയം, യൂറോപ്യൻ കമീഷന്‍റെ നിർദേശം പതുമകൾക്കു വേണ്ടിയുള്ള അന്വേഷണം ഇല്ലാതാക്കുമെന്നാണ് ആപ്പിൾ കമ്പനിയുടെ നിലപാട്. പുത്തൻ കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം തടയുന്ന നീക്കമാണ് കമീഷേന്റതെന്ന് ആപ്പിൾ കമ്പനി വിശദീകരിക്കുന്നു. ആപ്പിളിന്‍റെ ഐ ഫോണുകൾക്ക് പ്രത്യേക ലൈറ്റ്നിങ് പോർട്ടാണ് ചാർജിങിന് ഉപയോഗിക്കുന്നത്. ഇതടക്കം സി പോർട്ടിലേക്ക് മാറണമെന്നാണ് കമീഷന്‍റെ നിർദേശം. 2030 ഒാടെ തങ്ങളുടെ ഉൽപന്നങ്ങളെല്ലാം കാർബൺ ന്യൂട്രൽ ആക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് ആപ്പിൾ കമ്പനി വക്താവ് പറഞ്ഞതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ഇ-മാലിന്യം കുറക്കുന്നതിനായി പുതിയ ഫോണുകളിൽ നിന്ന് ചാർജറുകൾ തന്നെ ഒഴിവാക്കിയ ആപ്പിൾ കമ്പനി യൂറോപ്യൻ കമീഷന്‍റെ നിർദേശത്തെ എതിർക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിലടക്കം പരിഹാസം രൂക്ഷമാണ്. മാലിന്യം കുറക്കുകയാണ് ആപ്പിളിന്‍റെ ലക്ഷ്യമെങ്കിൽ ചാർജിങ് പോർട്ടിന്‍റെ കാര്യത്തിൽ കടുംപിടുത്തം എന്തിനാണെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം, ആപ്പിളിന്‍റെ ഐ പാഡ്, മാക്ബുക്ക് എന്നിവയുടെ പുതിയ മോഡലിൽ യു.എസ്.ബി-സി പോർട്ടാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.