5ജി എത്തിയിട്ടും കെ ഫോൺ മുടന്തിത്തന്നെ
text_fieldsകൊച്ചി: അതിവേഗ ഇന്റർനെറ്റ് കണക്ഷനായ 5ജി ഈ വർഷം സംസ്ഥാന വ്യാപകമാകുന്ന നില എത്തിയിട്ടും സംസ്ഥാന സർക്കാറിന്റെ കെ ഫോൺ പദ്ധതി മുടന്തിത്തന്നെ. സാര്‍വത്രികവും സൗജന്യവുമായ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ മേഖലയിൽ എന്ന വാഗ്ദാനവുമായി 2017ൽ തുടങ്ങിയ കെ ഫോൺ ഇതുവരെ വീടുകളിൽ എത്തിയിട്ടില്ല. 5ജി വരുന്നതോടെ കെ ഫോൺ അപ്രസക്തമാകുമെന്ന അഭിപ്രായവും ഉയരുന്നു. നെറ്റ്വർക്ക് കൂടുതൽ ശേഷിയും ഡേറ്റ വോളിയവും മിന്നൽ വേഗവുമാണ് 5ജി വാഗ്ദാനം ചെയ്യുന്നത്. സെക്കൻഡിൽ 10 മുതൽ 15വരെ മെഗാബൈറ്റ് വേഗമുള്ള കണക്ഷനുകളാണ് കെ ഫോൺ നൽകുന്നത്. 5ജിയുടെ വേഗമാകട്ടെ, സെക്കൻഡിൽ 1000 മെഗാബൈറ്റ്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ജിയോയുടെ 5ജി സേവനം എത്തിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ ജിയോയും എയർടെല്ലും സംസ്ഥാനം മുഴുവൻ 5ജി സേവനം എത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഇതോടെ ഇന്റർനെറ്റ് വേഗത്തിൽ അതിശയിക്കുന്ന മാറ്റമാണ് ഉണ്ടാകുക.
ഒരു നിയമസഭാ മണ്ഡലത്തിൽ 100 ബി.പി.എൽ കുടുംബങ്ങൾ എന്ന കണക്കിൽ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കലാണ് കെ ഫോൺ പദ്ധതിയിലെ ആദ്യഘട്ടം. ഇതിനായി ബി.പി.എൽ കുടുംബങ്ങളുടെ പട്ടിക ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി സർക്കാർ ഉത്തരവിറക്കിയിട്ട് മൂന്നുമാസമായി. ഇതുവരെ ലഭിച്ചത് 6581 പേരുടെ പട്ടികയാണ്. തദ്ദേശ സ്ഥാപനങ്ങൾ ബി.പി.എൽ കുടുംബങ്ങളുടെ പട്ടിക കെ ഫോൺ അധികൃതർക്ക് നൽകാൻ തയാറാകുന്നില്ല.
30,000 കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബര്‍ കേബിൾ ശൃംഖല, നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാൻ ഡേറ്റ ഹൈവേ എന്നെല്ലാമാണ് കെ ഫോണിനെക്കുറിച്ച് പറഞ്ഞിരുന്നത്. പദ്ധതി 90 ശതമാനം പൂർത്തിയായെന്നാണ് സർക്കാർ അവകാശവാദം. 11,288 ഓഫിസുകളിൽ മാത്രമാണ് കണക്ഷൻ നൽകിയത്.
കോളജിൽ പോകുന്ന അംഗങ്ങളുള്ള പട്ടികവർഗത്തിൽപെട്ട ബി.പി.എൽ കുടുംബങ്ങൾക്കും തുടർന്ന് കോളജ് വിദ്യാർഥികളുള്ള പട്ടികജാതിയിലെ ബി.പി.എൽ കുടുംബങ്ങൾക്കും രണ്ടാം ഘട്ടത്തിൽ കുറഞ്ഞത് 40 ശതമാനം വൈകല്യമുള്ള ഒന്നോ അതിലധികമോ അംഗങ്ങളുള്ള ബി.പി.എൽ കുടുംബങ്ങൾക്കും സ്കൂളിൽ പോകുന്ന കുട്ടികളുള്ള മറ്റ് ബി.പി.എൽ കുടുംബങ്ങൾക്കുമാണ് കണക്ഷൻ നൽകാൻ ലക്ഷ്യമിടുന്നത്. 5ജിയുടെ വരവ് കെ ഫോണിനെ ബാധിക്കില്ലെന്ന് പദ്ധതിയുടെ പ്രോജക്ട് ഓഫിസർ മോസസ് രാജ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ കേബിൾ ശൃംഖലയാണ് കെ ഫോണിന്റേത്. ഡേറ്റ വേഗം ആവശ്യകത അനുസരിച്ച് സെക്കൻഡിൽ 200 മെഗാബൈറ്റ്വരെ ഉയർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.