ഫേസ്ബുക്കിന് നിലനിൽപ്പ് ഭീഷണി, 200 കോടി കടന്ന് ഇൻസ്റ്റഗ്രാം യൂസർമാർ; മെറ്റയ്ക്ക് സംഭവിക്കുന്നത്...!
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോം മെറ്റയുടെ ഫേസ്ബുക്കാണ്. 2.96 ബില്യൺ ആണ് ഫേസ്ബുക്ക് യൂസർമാരുടെ എണ്ണം. എന്നാൽ, മെറ്റയുടെ തന്നെ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാമും ആഗോളതലത്തിൽ 200 കോടി ആക്ടീവ് യൂസർമാരെ സ്വന്തമാക്കിയിരിക്കുകയാണ്. 2018 ജൂണിലായിരുന്നു ഇന്‍സ്റ്റഗ്രാമിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നത്. നാലുവര്‍ഷം കൊണ്ട് അത് ഇരട്ടിയാക്കാന്‍ കമ്പനിക്കായി.
ഈ പോക്ക് പോയാൽ വൈകാതെ തന്നെ ഫേസ്ബുക്കിനെ ഇൻസ്റ്റഗ്രാം മറികടന്നേക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇൻസ്റ്റഗ്രാമിന്റെയും ഫെയ്ബുക്കിന്റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകൾ മെറ്റ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. മെറ്റയുടെ സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പിനുമുണ്ട് 200 കോടിയിലേറെ ഉപയോക്താക്കൾ.
ഇങ്ങനെയൊക്കെ ആണെങ്കിലും മെറ്റ വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. 2022 ലെ മൂന്നാം പാദത്തിൽ മെറ്റയുടെ വരുമാനത്തില്‍ നാല് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. വൻ സാമ്പത്തിക പ്രതിസന്ധിയാണ് മെറ്റ നേരിടുന്നതെന്നാണ് റിപ്പോർട്ട്. മൂന്നാം പാദത്തിലെ ലാഭത്തിലും പകുതിയിലധികം കുറവ് രേഖപ്പെടുത്തി. മൂന്നാം പാദ റിപ്പോർട്ട് പ്രകാരം മെറ്റയുടെ ഓഹരികളും 19.1 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 105 ഡോളറാണ് (ഏകദേശം 8,600 രൂപ) ഓഹരി വില. ഇത് ഈ വർഷത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് പോലുമില്ല.
ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതും അതോടൊപ്പം പരസ്യവരുമാനത്തിൽ കാര്യമായ ഇടിവ് നേരിടുകയും ചെയ്തതാണ് സക്കർബർഗിന്റെ മെറ്റയ്ക്ക് തിരിച്ചടിയായത്. അതിനൊപ്പം ചിലവ് വർധിക്കുകയും ചെയ്തു. ഭീമൻ തുക നിക്ഷേപിച്ച മെറ്റാവേഴ്സ് ടെക് ലോകത്ത് കാര്യമായ ചലനം സൃഷ്ടിക്കാത്തതും ടെക് ഭീമനെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. എങ്കിലും 2023-ൽ മെറ്റ വമ്പൻ തിരിച്ചുവരവ് നടത്തുമെന്നാണ് മേധാവി മാർക്ക് സക്കർബർഗ് പറയുന്നത്.
കഴിഞ്ഞ ദിവസം ഫോർബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്പന്നരുടെ പട്ടികയിൽ സക്കർബർഗ് 11-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 2015ന് ശേഷം ആദ്യമായാണ് സക്കർബർഗ് ടോപ് 10-ൽ നിന്ന് പുറത്താകുന്നത്. 2021 സെപ്തംബർ മുതലുള്ള കണക്കുകൾ നോക്കിയാൽ സക്കർബർഗിന് തന്റെ പകുതിയിലധികം സമ്പത്ത് നഷ്ടപ്പെട്ടതായി ഫോർബ്സ് പറയുന്നു. 76.8 ബില്യൺ ഡോളർ വരുമത്. പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്ക് തലവൻ11-ആം സ്ഥാനത്തേക്കാണ് താണുപോയത്.
അതുപോലെ മെറ്റയുടെ വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള സോഷ്യൽ യൂനിവേഴ്സായ ഹൊറൈസൺ വേൾഡ്സ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പഴയ യൂസർമാരെ നഷ്ടമായിക്കൊണ്ടിരിക്കുന്ന 'ഹൊറൈസണ്' പുതിയ യൂസർമാരെ ചേർക്കാനും കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മെറ്റ പ്രതീക്ഷിക്കുന്ന പ്രകടനം ഇതുവരെ ഈ വെർച്വൽ റിയാലിറ്റി ഗെയിമിന് കൈവരിക്കാൻ സാധിച്ചിട്ടില്ല.
വർഷാവസാനത്തോടെ ഹൊറൈസൺ വേൾഡിൽ പ്രതിമാസം അഞ്ച് ലക്ഷം സജീവ ഉപയോക്താക്കളെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ കണക്ക് 2,00,000-ത്തിൽ താഴെയാണെന്ന് റിപ്പോർട്ട്. പ്ലാറ്റ്‌ഫോമിലെത്തി ആദ്യ മാസത്തിന് ശേഷം മിക്ക ഉപയോക്താക്കളും ഹൊറൈസണിലേക്ക് മടങ്ങിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ, മെറ്റ, ഈ വർഷാവസാനത്തോടെ പ്രതിമാസം 28,000 ഉപയോക്താക്കളെ മാത്രമാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.