ഫേസ്ബുക്കിലെ പരസ്യം കണ്ട് ബർഗർ ഓർഡർ ചെയ്തു; പ്രവാസിക്ക് നഷ്ടമായത് 8000 ദിർഹം
text_fieldsദുബൈ: നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പുകളാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികളുടെ ഇഷ്ടതാവളമാണ് മെറ്റയുടെ ഈ രണ്ട് പ്ലാറ്റ്‌ഫോമുകൾ. മയങ്ങിപ്പോകുന്ന ഓഫറുകളും ഒപ്പം കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങളോ വിഡിയോകളോ പങ്കുവെച്ചുമൊക്കെ നമ്മുടെ ശ്രദ്ധയാകർഷിച്ചാണ് അത്തരക്കാർ പോക്കറ്റിലെ പണം മുഴുവൻ അടിച്ചുമാറ്റുന്നത്.
നിരവധി പ്രവാസികൾക്ക് ഫേസ്ബുക്ക് - ഇൻസ്റ്റഗ്രാം - ടിക് ടോക് പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് പണി കിട്ടിയിട്ടുണ്ട്. ആർ.ജെ ഫസ്‍ലു എന്ന അവതാരകൻ ഇൻസ്റ്റഗ്രാമിലൂടെ ഒരു പ്രവാസിയുടെ അത്തരമൊരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ്. 8000 ദിർഹമാണ് (1.80 ലക്ഷം രൂപ) അദ്ദേഹത്തിന് തന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് നഷ്ടമായത്.
അൽ ബൈക്കിന്റേതെന്ന് തെറ്റിധരിച്ച് ഒരു വ്യാജ വെബ് സൈറ്റിൽ കയറി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതോടെയാണ് പണം നഷ്ടമായതെന്ന് ആർ.ജെ ഫസ്‍ലു പറയുന്നു. albaik.uaeae.com എന്ന വ്യാജ വെബ്സൈറ്റിലൂടെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അൽ ബൈക്കിന്റെ ഒറിജിനൽ വെബ്സൈറ്റ് അഡ്രസ് www.albaik.com എന്ന് മാത്രമാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിലെ ‘50 ശതമാനം ഓഫർ’ പ്രഖ്യാപിച്ചുള്ള പരസ്യം കണ്ടാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത്.
കെ.എഫ്.സി, മക്ഡൊണാൾഡ്സ്, ഡോമിനോസ്, അൽ ബൈക്ക് എന്നിവയുടെ പേരിൽ വ്യാജ വെബ്സൈറ്റ് നൽകിക്കൊണ്ട് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ നിരന്തരം ഓഫർ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരം പരസ്യങ്ങൾ ലക്ഷ്യമിടുന്ന ട്രാപ്പിൽ പോയി പെടരുതെന്നാണ് അദ്ദേഹം പറയുന്നത്. ലോക പ്രശസ്ത ഫുഡ് ചൈനുകളൊന്നും തന്നെ അവരുടെ ഭക്ഷണ ഉത്പന്നങ്ങൾക്കെല്ലാം 50 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചുള്ള ഓഫറുകൾ നൽകാറില്ല. നിർബന്ധമായും അത്തരം ഫുഡ് ചൈനുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഔദ്യോഗിക ആപ്പുകളോ വെബ് സൈറ്റുകളോ മാത്രം ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.