മോർഫ് ചെയ്ത ചിത്രങ്ങളയച്ച് ഭീഷണി; ചൈനീസ് ലോൺ ആപ്പിലൂടെ കോടികൾ തട്ടിയ റാക്കറ്റ് പിടിയിൽ
text_fieldsചൈനീസ് ലോൺ ആപ്പ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. റാക്കറ്റിന് പ്രവർത്തിക്കാൻ സഹായം നൽകിയ 149 ജീവനക്കാർക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. 153 ഹാർഡ് ഡിസ്‌കുകൾ, മൂന്ന് ലാപ്‌ടോപ്പുകൾ, 141 കീപാഡ് മൊബൈൽ ഫോണുകൾ, 10 ആൻഡ്രോയിഡ് ഫോണുകൾ, നാല് ഡിവിആർ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ലോൺ ആപ്ലിക്കേഷൻ ആപ്പ് പ്രവർത്തിപ്പിക്കുന്ന രണ്ട് ചൈനീസ് പൗരന്മാരുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നതായിയും പൊലീസ് അറിയിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അനിൽകുമാർ, അലോക് ശർമ (24), അവ്നിഷ് (22), കണ്ണൻ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹിമാൻഷു ഗോയൽ എന്നയാളാണ് ജൂലൈ 14ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകിയത്. ഫേസ്ബുക്കിൽ ബ്രൗസ് ചെയ്യുന്നതിനിടെ 50,000 രൂപ തടസ്സരഹിത വായ്പ വാഗ്ദാനം ചെയ്യുന്ന ഒരു പരസ്യം കണ്ടതായി ഗോയൽ പറഞ്ഞു. "ഓൺ സ്ട്രീം" എന്ന ലോൺ ആപ്പ് ഡൗൺലോഡ് ചെയ്‌തതിന് പിന്നാലെ, കോൺടാക്‌റ്റുകൾ, ഗാലറി എന്നിവ ആക്‌സസ് ചെയ്യാൻ ആപ്പ് അനുമതി ചോദിച്ചു''.
രജിസ്റ്റർ ചെയ്തതിന് പിന്നാലെ 6870 രൂപയാണ് വായ്പ അനുവദിച്ചത്. തുടർന്ന് പ്രതികൾ ഇയാളുടെ കോൺടാക്റ്റുകളും ഫോട്ടോകളും ഉപയോഗിച്ചുള്ള ഉപദ്രവം തുടങ്ങുകയായിരുന്നു. താൻ ഇതുവരെ ഒരു ലക്ഷം രൂപ അവർക്ക് നൽകിയിട്ടുണ്ടെന്നും, എന്നാൽ കൂടുതൽ പണം നൽകാനായി നിരന്തരം പീഡിപ്പിക്കുകയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
പൊലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും, ദ്വാരക സെക്ടർ -7 ലെ ഒരു കെട്ടിടത്തിന്റെ മൂന്ന് നിലകളിലായി ഫ്‌ളൈ ഹൈ ഗ്ലോബൽ സർവീസസ് ആൻഡ് ടെക്‌നോളജി എന്ന പേരിൽ കഴിഞ്ഞ രണ്ട് വർഷമായി കൂറ്റൻ കോൾ സെന്റർ നടത്തിവരുന്നതായും കണ്ടെത്തി. റെയ്ഡ് നടത്തിയതോടെയാണ് 149 ടെലികോളർമാരെ നിയോഗിച്ച് ദ്വാരക സെക്ടർ -3 നിവാസിയായ ഉടമ അനിൽകുമാറും മൂന്ന് ടീം ലീഡർമാരും തട്ടിപ്പ് നടത്തുന്നതായി പൊലീസ് കണ്ടെത്തിയത്.
സിൽപാനി ഇന്റർനാഷണൽ എന്ന പേരിൽ 300 സിം കാർഡുകൾ വാങ്ങിയ സംഘം ഇതിൽ 100 സിം കാർഡുകൾ ഉപയോഗിച്ച് അപകീർത്തികരമായ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുകയും ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് പറയുന്നു.
പ്രതികൾ ചൈനീസ് സഹപ്രവർത്തകരുമായി ചേർന്ന് വൻ തുകയാണ് തട്ടിയെടുത്തത്. ആൽബർട്ട്, ട്രെ എന്നിങ്ങനെ പേരുള്ള രണ്ട് ചൈനക്കാർക്ക് 10 കോടി രൂപ കൈമാറിയതായും, 2021 മാർച്ച് മുതൽ റാക്കറ്റിന് മൂന്ന് കോടി രൂപ കമ്മീഷനായി ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബഹുഭാഷാ പിന്തുണയുള്ള ഡിങ്ക് ടോക്ക് ആപ്പിലാണ് പ്രതികൾ തമ്മിൽ സംസാരിച്ചിരുന്നത്.
ആരോപണവിധേയമായ സ്ഥാപനം ആളുകളെ അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ശല്യപ്പെടുത്തുന്നത് പതിവായിരുന്നു. കൂടാതെ ഭീഷണിപ്പെടുത്തുകയും ഇരയാക്കപ്പെട്ടവരുടെ കോൺടാക്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്യാറുണ്ടത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.