'ഫേസ്ബുക്കിന്റെ അന്ത്യമടുത്തു, അടച്ചുപൂട്ടിയാലും അത്ഭുതമില്ല' - മുൻ ട്വിറ്റർ ഇന്ത്യ തലവൻ
text_fieldsഫേസ്ബുക്ക് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് മുൻ ട്വിറ്റർ ഇന്ത്യ തലവനായിരുന്ന മനീഷ് മഹേശ്വരി. ഒരു ഘട്ടത്തിൽ സോഷ്യൽ മീഡിയ ഭീമനെ മെറ്റയ്ക്ക് അടച്ചുപൂട്ടേണ്ടി വന്നാലും അതിൽ തനിക്ക് അത്ഭുതം തോന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആമസോൺ, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള ഭീമൻ ടെക് കമ്പനികൾ ആയിരക്കണക്കിന് തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുള്ള ഫിനാൻഷ്യൽ എക്സ്പ്രസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മനീഷ് മഹേശ്വരി.
കോവിഡ് സമയത്ത് ടെക് കമ്പനികൾ വ്യാപകമായി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചില കമ്പനികളിൽ അത് 100 ശതമാനത്തിലേക്ക് വരെ എത്തി. '2019 ൽ ഇവിടെ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, 2022 ആകുമ്പോഴേക്കും 230 ആയി ഉയർന്നു'. - 'ട്വിറ്റർ ഇന്ത്യ'യിലെ ജീവനക്കാരെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
"യൂസർമാരുടെ ഉപയോഗം പലമടങ്ങ് വർദ്ധിച്ചതിനാൽ ഇത്തരം സ്ഥാപനങ്ങൾക്ക് കോവിഡ് വളരെയധികം ഗുണം ചെയ്തു. അഞ്ച് മുതൽ 10 വർഷം വരെയെടുത്ത് സ്വന്തമാക്കുന്ന നേട്ടങ്ങൾ പലതും വെറും 10 ആഴ്ചകൾക്കുള്ളിൽ ടെക് കമ്പനികൾ നേടിയെടുത്തു. എന്നാൽ, കോവിഡ് കുറയുകയും ആളുകൾ ഓഫീസുകളിലേക്ക് മടങ്ങുകയും ചെയ്തതോടെ അത് അവസാനിക്കുകയും സാങ്കേതിക രംഗത്ത് ശൈത്യകാലത്തിന് തുടക്കം കുറിക്കുകയും ചെയ്തു" -അദ്ദേഹം പറയുന്നു.
11,000 ജീവനക്കാരെ പിരിച്ചുവിട്ട മെറ്റയെക്കുറിച്ചും മനീഷ് സംസാരിച്ചു. 'അവരും ബിസിനസ് മോഡലിൽ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. "ഫേസ്ബുക്ക് മരിക്കുകയാണ്, ഒരു ഘട്ടത്തിൽ അത് അടച്ചുപൂട്ടിയാലും ഞാൻ അത്ഭുതപ്പെടില്ല. ഇൻസ്റ്റാഗ്രാമും അതിന്റെ റീലുകളും വീഡിയോകളുമൊക്കെ വളരുകയാണ്, കമ്പനി നിലവിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വാട്ട്‌സ്ആപ്പിന് ഉപയോക്താക്കളുണ്ട്, എന്നാൽ അതിലൂടെ എങ്ങനെ പണമുണ്ടാക്കാം എന്ന് കമ്പനി ചിന്തിക്കേണ്ടതുണ്ട്. മെറ്റാവേഴ്‌സാണ് ഭാവി, അതിന്റെ റിയാലിറ്റി ലാബുകളും മറ്റും ഉപയോഗിച്ച് അത് വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, മെറ്റയ്ക്ക് ധാരാളം ജീവനക്കാരെ ആവശ്യമില്ല - " മനീഷ് മഹേശ്വരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.