‘ഒരു അക്കൗണ്ടിൽ നാല് അധിക പ്രൊഫൈലുകൾ സൃഷ്ടിക്കാം’; ഫീച്ചറുമായി ഫേസ്ബുക്ക്
text_fieldsപ്ലാറ്റ്‌ഫോമിൽ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീചറുമായി ഫേസ്ബുക്ക്. മൾട്ടിപ്പിൾ പേഴ്സണൽ പ്രൊഫൈൽ ഫീച്ചറാണ് മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ഭീമൻ ലോഞ്ച് ചെയ്തത്. ഫേസ്ബുക്കിൽ ഇടപഴകുമ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ "സ്വാതന്ത്ര്യം" അനുഭവിക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ.
പ്രൊഫഷണലും വ്യക്തിപരവുമായ ജീവിതം വേറിട്ട് നിർത്താൻ ഇഷ്ടപ്പെടുന്നവർക്കാണ് പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടുക. ചില ഫേസ്ബുക്ക് ഉപയോക്താക്കൾ അവരുടെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങളും പോസ്റ്റുകളും പങ്കുവെക്കുന്നതിനായി രണ്ടാമതൊരു പ്രൊഫൈൽ സൃഷ്ടിക്കാറുണ്ട്. അല്ലെങ്കിൽ, കുടുംബവും സുഹൃത്തുക്കളുമായുള്ള നിമിഷങ്ങൾ പങ്കുവെക്കുന്ന ഫേസ്ബുക്ക് അക്കൗണ്ട് സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്.
അത്തരക്കാർക്ക് ഇനി, രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിക്കേണ്ട ആവശ്യം വരുന്നില്ല. ഒരു ഫേസ്ബുക്ക് ആപ്പിലൂടെ തന്നെ നാല് പ്രത്യേക പ്രൊഫൈൽ സൃഷ്ടിച്ച് ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താം. ഓരോ പ്രൊഫൈൽ തെരഞ്ഞെടുക്കുമ്പോഴും വീണ്ടും ലോഗ്-ഇൻ ചെയ്യേണ്ട ആവശ്യവും വരുന്നില്ല. വളരെ വേഗത്തിൽ പ്രൊഫൈലുകൾ മാറി മാറി ഉപയോഗപ്പെടുത്താം. എല്ലാ പ്രൊഫൈലുകളും പ്രധാന പ്രൊഫൈൽ പോലെ തന്നെ പ്രവർത്തിക്കും. കൂടാതെ, നിങ്ങളുടെ പ്രധാന പ്രൊഫൈൽ സൃഷ്ടിച്ച മറ്റൊരു അക്കൗണ്ടാണെന്ന് ഫേസ്ബുക്ക് യൂസർമാരിൽ നിന്ന് മറച്ചുവെക്കാനും സാധിക്കും.
ഓരോ പ്രൊഫൈലിലും, ഉപയോക്താക്കൾക്ക് വ്യത്യസ്‌ത കമ്മ്യൂണിറ്റികളുമായോ ആളുകളുമായോ കണക്റ്റുചെയ്യാനാകും, അതിന്റെ അടിസ്ഥാനത്തിൽ ഫീഡ് ഇഷ്‌ടാനുസൃതമാക്കും.
ചില ഫീച്ചറുകൾ ലഭ്യമാകില്ല...
ലോഞ്ച് സമയത്ത്, അഡീഷണൽ പ്രൊഫൈലുകൾക്കായി ചില സവിശേഷതകൾ ലഭ്യമായേക്കില്ലെന്നും കമ്പനി അറിയിച്ചു. ഡേറ്റിംഗ്, മാർക്കറ്റ് പ്ലേസ്, പ്രൊഫഷണൽ മോഡ്, മെസഞ്ചർ, പേയ്‌മെന്റുകൾ എന്നീ ഫീച്ചറുകളാണ് ലഭ്യമല്ലാത്തത്. അതേസമയം, മെസഞ്ചർ ഫീച്ചർ ഉടൻ കൊണ്ടുവരാൻ ശ്രമിക്കുന്നതായി കമ്പനി അറിയിച്ചു.
എങ്ങനെ പുതിയ പ്രൊഫൈൽ സൃഷ്ടിക്കാം..
- Facebook-ലെ നിങ്ങളുടെ പ്രൊഫൈൽ വിഭാഗത്തിലേക്ക് പോകുക.
- മുകളിൽ ഒരു പുതിയ പ്രൊഫൈൽ സൃഷ്ടിക്കുന്നതിനുള്ള ഓപ്ഷൻ നിങ്ങൾ കാണും.
- അത് തിരഞ്ഞെടുത്ത് നിങ്ങളുടെ പ്രൊഫൈലിനായി ഒരു പേര് ചേർക്കുക.
- നിങ്ങളുടെ Facebook പ്രൊഫൈലിനായി ഒരു യൂസർനെയിം ചേർക്കുക എന്നതാണ് അടുത്ത ഘട്ടം.
- തുടർന്ന് ഈ പ്രൊഫൈലിലേക്ക് സുഹൃത്തുക്കളെ ചേർക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.