ഫേസ്ബുക്ക് കുടുങ്ങിയേക്കും; ഇൻസ്റ്റഗ്രാം യൂസർമാരുടെ ബയോമെട്രിക് ഡാറ്റ നിയമവിരുദ്ധമായി ശേഖരിച്ചെന്ന്
text_fields
വാഷിങ്ടൺ: ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് അവ സ്വന്തം ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഏറെ പഴികേട്ട സോഷ്യൽ മീഡിയ ഭീമനാണ് ഫേസ്ബുക്ക്. കാംബ്രിഡ്ജ് അനലറ്റിക വിവാദം മാർക് സക്കർബർഗിനും ഫേസ്ബുക്കിനും ഉണ്ടാക്കിയ ചീത്തപ്പേര് ചില്ലറയല്ല. എന്നാൽ, ഇപ്പോൾ ഫേസ്ബുക്കിനെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണം അവരുടെ ഇമേജ് ഷെയറിങ് മൈക്രോ ബ്ലോഗിങ് സൈറ്റായ ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ടുള്ളതാണ്.
ഇൻസ്റ്റഗ്രാമിലുള്ള 100 ദശലക്ഷം ഉപയോക്താക്കളുടെ ബയോമെട്രിക് ഡാറ്റ ഫേസ്ബുക്ക് ശേഖരിക്കുകയും അവ സംഭരിച്ചുവെച്ച് അതിൽ നിന്ന് ലാഭമുണ്ടാക്കിയതായുമാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കാലിഫോർണിയയിലെ റെഡ്വുഡ് സിറ്റി സ്റ്റേറ്റ് കോടതിയിലാണ് പരാതി പോയിരിക്കുന്നത്. ബയോമെട്രിക് ഡാറ്റയിൽ വിരലടയാളം മാത്രമല്ല, ഉപയോക്താക്കളുടെ മുഖങ്ങളും ഫേസ്ബുക്ക് അനധികൃതമായി ശേഖരിച്ചുവെച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇൻസ്റ്റഗ്രാമിലുള്ള ഫേസ് ടാഗിങ് ടൂൾ, ഫേഷ്യൽ റെക്ഗ്നിഷൻ ഉപയോഗിച്ച് ചിത്രങ്ങളിലുള്ള വ്യക്തിയെ മനസിലാക്കുകയും ശേഷം അവ ഉപയോഗിച്ച് ഫേസ് ടെംബ്ലേറ്റ് നിർമിച്ച്, ഇൗ ടെംബ്ലേറ്റ് ഫേസ്ബുക്കിെൻറ ഡാറ്റാബേസിൽ സൂക്ഷിക്കുകയും ചെയ്യും. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവരുടെ മുഖങ്ങൾ മാത്രമാണ് ഡാറ്റാ ബേസിലേക്ക് പോവുക എന്ന് കരുതുന്നവർക്ക് തെറ്റി. അല്ലാത്തവരുടെ മുഖങ്ങളും അവർ സമ്മതമില്ലാതെ സംഭരിക്കുന്നുണ്ട്. ഒരാൾ അപ്ലോഡ് ചെയ്യുന്ന ഗ്രൂപ്പ് ഫോേട്ടായിലുള്ളവരുടെ വിവരങ്ങളും ഡാറ്റാബേസിലെത്തും.
തങ്ങളുടെ ടേംസ് ഒാഫ് സർവീസ് സെക്ഷനിൽ ഉപയോക്താക്കളുടെ മുഖങ്ങളും വിരലടയാളങ്ങളും ശേഖരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇൻസ്റ്റഗ്രാം നൽകിയ വിശദീകരണം. എന്നാൽ, ഇൻസ്റ്റ ഉപയോഗിക്കാത്തവരുടെ വിവരങ്ങളും ശേഖരിക്കുന്നതിെൻറ മാനദണ്ഡമെന്താണെന്ന് പരാതിയിൽ ചോദിക്കുന്നു.
മെസ്സഞ്ചർ ആപ്പിൽ സമീപ കാലത്താണ് സുരക്ഷക്കായി വിരലടയാളം ഫേസ് െഎഡി എന്നീ സംവിധാനങ്ങൾ ഫേസ്ബുക്ക് അവതരിപ്പിച്ചത്. അവ രണ്ടും ഉപയോഗിക്കുന്നവരുടെ വിവരങ്ങളും കമ്പനി ശേഖരിച്ചുവെക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ മാസം സമാന ആരോപണത്തെ തുടർന്ന് ഇൻസ്റ്റഗ്രാം 650 മില്യൺ ഡോളർ പിഴയായി അടക്കേണ്ടി വന്നിരുന്നു. എന്നാൽ, ഇത്തവണ ഫേസ്ബുക്കിന് പിഴയടക്കേണ്ടി വന്നാൽ അത് അര ട്രില്ല്യൺ ഡോളറായിരിക്കും. അതേസമയം ഫേസ്ബുക്ക് അധികൃതർ പുതിയ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന വിശദീകരണവുമായി എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.