തെരഞ്ഞെടുപ്പ് അടുത്തു; ഇനിയൊന്നും പഴയപടി ആവില്ലെന്ന് ഫേസ്ബുക്ക്
text_fieldsന്യൂഡൽഹി: രാജ്യത്ത് അഞ്ചിടത്തായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തിൽ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ വ്യാജ വാർത്തകളും വിദ്വേഷ പോസ്റ്റുകളും തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി, എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. വിദ്വേഷ ഉള്ളടക്കം തിരിച്ചറിയുന്നതിനും ഫേസ്ബുക്കിന്‍റെ നയങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ നീക്കംചെയ്യുന്നതിനും എ.ഐ- പവേർഡ് ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും സോഷ്യൽ മീഡിയ ഭീമൻ വ്യക്തമാക്കി.
ഫേസ്ബുക്കിന്‍റെ കീഴിലുള്ള വിവിധ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രകോപനപരമായ ഉള്ളടക്കമടങ്ങിയ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിൽ കമ്പനി പരാജയമാണെന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. വിദ്വേഷ സംഭാഷണവുമായി ബന്ധപ്പെട്ട പുതിയ പദങ്ങളും ശൈലികളും തിരിച്ചറിയുന്നതിനും ആ ഭാഷയിലുള്ള പോസ്റ്റുകൾ നീക്കംചെയ്യുന്നതിനോ അവയുടെ പങ്കുവെക്കൽ കുറയ്ക്കുന്നതിനോ വേണ്ടി പുതിയ സാങ്കേതികവിദ്യ വിന്യസിക്കുമെന്നും ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.
ഫേസ്ബുക്കിന്‍റെ ഏറ്റവു വലിയ വിപണികളിലൊന്നാണ് ഇന്ത്യ. അവരുടെ വാട്സ്ആപ്പിനും ഇൻസ്റ്റഗ്രാമിനും രാജ്യത്ത് വലിയ യൂസർ ബേസുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഗണ്യമായ അളവിൽ വ്യാജ വാർത്തകളും വിദ്വേഷ പോസ്റ്റുകളും മൂന്ന് പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു മാസക്കാലത്തോളം നീളും. ഹിന്ദുത്വ നേതാക്കളുടെ വിദ്വേശ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഫേസ്ബുക്ക് ഇന്ത്യ മേധാവി പക്ഷപാതിത്വം കാണിച്ചതായുള്ള വാൾ സ്ട്രീറ്റ് ജേണലിൽ വന്ന വാർത്ത, നേരത്തെ വലിയ തരത്തിൽ ചർച്ചയായിരുന്നു. കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ഉള്ളടക്കമുള്ള പരസ്യങ്ങൾക്ക് ഫേസ്ബുക്ക് നിരോധനമേർപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.