ഫലസ്തീൻ അനുകൂല ഉള്ളടക്കങ്ങൾക്ക് സെൻസർഷിപ്പ്; ഒടുവിൽ അന്വേഷണത്തിന് തയ്യാറായി ഫേസ്ബുക്ക്
text_fieldsഫലസ്തീൻ പൗരൻമാർ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വ്യാപകമായി നീക്കം ചെയ്യുന്നതായുള്ള പരാതികളുയർന്നതിന് പിന്നാലെ നടപടിയുമായി ടെക് ഭീമൻ ഫേസ്ബുക്ക്. പ്ലാറ്റ്ഫോമിലെ അറബിക്, ഹീബ്രു പോസ്റ്റുകളുടെ ഉള്ളടക്ക മോഡറേഷനെക്കുറിച്ചുള്ള അന്വേഷണം തങ്ങൾ ഒരു സ്വതന്ത്ര ഏജൻസിയെ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു.
ഇസ്രയേൽ - ഫലസ്തീൻ വിഷയത്തിലുള്ള ഉള്ളടക്കങ്ങൾ അടിച്ചമർത്തുന്നുവെന്ന ആരോപണത്തിൽ പുറത്തുള്ള ഏജൻസിയെക്കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഫേസ്ബുക്കിന്റെ ഓവർസൈറ്റ് ബോർഡ് ഈ വർഷം ആദ്യം ആവശ്യപ്പെട്ടിരുന്നു. അതിലാണ് അമേരിക്കൻ സോഷ്യൽ മീഡിയ ഭീമൻ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, അന്വേഷണം നടത്തുന്ന ഏജൻസി ഇസ്രയേലുമായോ ഫലസ്തീനുമായോ ബന്ധമുള്ളതായിരിക്കരുതെന്നും അറബിക്, ഹിബ്രു ഭാഷകളിലുള്ള ഉള്ളടക്കങ്ങളിൽ മാനുഷികവും ഓട്ടോമേറ്റഡും ആയ മോഡറേഷനുകളിൽ പരിശോധിക്കപ്പെടണമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മെയ്-ജൂൺ മാസങ്ങളിലായി ഫലസ്തീൻ മേഖലകളിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങളിൽ ഫേസ്ബുക്കിെൻറ സ്വാധീനം സംബന്ധിച്ചുള്ള അന്വേഷണം നടത്താനായി ബിസിനസ്, മനുഷ്യാവകാശം എന്നീ മേഖലകളിൽ വിദഗ്ധരായ ബി.എസ്.ആറുമായി (ബിസിനസ് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി) തങ്ങൾ സഹകരിക്കുമെന്ന് ഫേസ്ബുക്ക് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. അവരുടെ നിർദേശങ്ങൾ മുഖവിലക്കെടുക്കുമെന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യമായി അടുത്ത വർഷം പുറത്തുവിടുമെന്നും കമ്പനി വ്യക്തമാക്കി.
ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങളായിരുന്നു നീക്കംചെയ്തവയിൽ കൂടുതലും. ഫേസ്ബുക്കിെൻറ നിയമവിരുദ്ധ സെൻസർഷിപ്പിനെ കുറിച്ച് ഇക്കഴിഞ്ഞ മേയിലും ഫലസ്തീൻ പൗരൻമാർ പരാതിയുമായി എത്തിയിരുന്നു. ഇസ്രയേലിെൻറ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഉള്ളടക്കങ്ങളാണ് പൊതുവെ നീക്കംചെയ്യുന്നത്. ഇക്കാര്യത്തിൽ നിഷ്പക്ഷത വേണമെന്ന് യു.എസ് ആസ്ഥാനമായുള്ള നിരീക്ഷണസമിതി ഫേസ്ബുക്കിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.