സ്റ്റാര്‍ലിങ്കിന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ അനുമതി
text_fieldsസ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന് ഡയറക്ട് ടു സെല്‍ സേവനങ്ങള്‍ നല്‍കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ(എഫ്.സി.സി) അനുമതി. യു.എസിലെ മുന്‍നിര ടെലികോം കമ്പനിയായ ടി-മൊബൈലുമായി ചേര്‍ന്നാണ് സ്റ്റാര്‍ലിങ്ക് ഡയറക്ട് ടു സെല്‍ കവറേജ് നല്‍കുക.
ഹെലീൻ ചുഴലിക്കാറ്റ് ദുരന്തം വിതച്ച നോർത്ത് കരോലൈനയിൽ സേവനം എത്തിക്കാനാണ് എഫ്.സി.സി അനുമതി നല്‍കിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മേഖലയിലെ ടെലികോം നെറ്റ് വര്‍ക്കുകള്‍ തകരാറിലായ സാഹചര്യത്തില്‍ നല്‍കിയ പ്രത്യേക അനുമതി മാത്രമാണിത്.
ദുരന്തസമയത്ത് ഇൻ്റർനെറ്റ് സേവനങ്ങളുടെ പങ്ക് നിർണായകമാണ്. പ്രകൃതിദുരന്തം ബാധിച്ച പ്രദേശങ്ങളിൽ ആശയവിനിമയ ലഭ്യത മെച്ചപ്പെടുത്തുന്നതിന് സ്റ്റാർലിങ്കിനും ടി-മൊബൈലിനും ഡയറക്ട് ടു സെല്‍ കവറേജ് അനുമതി കൊടുത്തിട്ടുണ്ട്. ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് മൊബൈല്‍ കണക്ടിവിറ്റി എത്തിക്കുന്നതോടെ ദുരിത ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മൊബൈല്‍ ടവറുകളുടെയും മറ്റ് ടെലികോം ശൃംഖലയുടെയും പിന്തുണയില്ലാതെ നേരിട്ട് മൊബൈല്‍ ഫോണില്‍ നിന്ന് വിളിക്കാനും സന്ദേശങ്ങള്‍ അയക്കാനും സാധിക്കും.
സമീപകാലത്ത് യു.എസിൽ ആഞ്ഞുവീശിയ ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ ഹെലീനിൽ മരണം 160ലേറെയാണ്. 600ലേറെ പേരെ കുറിച്ച് വിവരങ്ങളില്ല. 10 ലക്ഷത്തിലേറെ പേർ ദുരിതബാധിതരാണ്. കൊടുങ്കാറ്റില്‍ നോർത്ത് കരോലൈനയിലെ 74 ശതമാനം ടവറുകളും തകരാറിലായതായി സ്റ്റാര്‍ലിങ്ക് പറയുന്നു. അടിയന്തര സന്ദേശങ്ങള്‍ ഫോണിലെത്തിക്കുന്നതിനായി നോര്‍ത്ത് കരോലൈനയിലെ എല്ലാ നെറ്റ് വര്‍ക്കിലും ഉപഗ്രഹ കണക്ടിവിറ്റി ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.