പണ്ട് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് വിലക്കി; ഒടുവിൽ 'സ്ട്രീറ്റ് വ്യൂ' ഇന്ത്യയിൽ, ഗൂഗിൾ മാപ്സ് ഇനി വേറെ ലെവൽ
text_fieldsഗൂഗിൾ തങ്ങളുടെ വെബ് മാപ്പിങ് സേവനമായ ഗൂഗിൾ മാപ്സിൽ 15 വർഷം മുമ്പായിരുന്നു സ്ട്രീറ്റ് വ്യൂ എന്ന ഫീച്ചർ അവതരിപ്പിച്ചത്. പനോരമ, 360 ഡിഗ്രി ചിത്രങ്ങളുടെ സഹായത്തോടെ ഓരോ പ്രദേശങ്ങളെ വീക്ഷിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. മാപുകൾ സാധാരണ നൽകുന്ന മുകളിൽ നിന്നുള്ള കാഴ്ചയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കൃത്യവും വ്യക്തവുമായ കാഴ്ച ലഭിക്കാൻ വേണ്ടിയാണ് സ്ട്രീറ്റ് വ്യൂ, ഗൂഗിൾ അവതരിപ്പിച്ചത്.
എന്നാൽ, ഇന്ത്യയിൽ സുരക്ഷാ കാരണങ്ങളാൽ അത് ലഭ്യമാക്കിയിരുന്നില്ല. ന്യൂയോർക്കിന്റെയും ലണ്ടന്റെയുമൊക്കെ സ്ട്രീറ്റ് വ്യൂ കണ്ട് നിർവൃതി അടയാനായിരുന്നു ഇന്ത്യക്കാരുടെ വിധി. ഒടുവിൽ അതിലും മാറ്റം വരാൻ പോവുകയാണ്. ഈ വർഷത്തെ ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിലാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
ജെനസിസ് ഇന്റർനാഷണൽ, ടെക് മഹീന്ദ്ര എന്നിവയുടെ സഹകരണത്തോടെ ഗൂഗിൾ, സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ അവതരിപ്പിച്ചു. ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, ഹൈദരാബാദ്, പൂനെ, നാസിക്, വഡോദര, അഹമ്മദ്‌നഗർ, അമൃത്‌സർ എന്നിങ്ങനെ 10 നഗരങ്ങളിലായി 150,000 കിലോമീറ്ററിലധികം റോഡുകൾ കവർ ചെയ്തുകൊണ്ട് ഗൂഗിൾ മാപ്‌സിൽ ഈ സേവനം ലഭ്യമാക്കും. ഈ വർഷം അവസാനത്തോടെ 50 നഗരങ്ങൾ കൂടി പട്ടികയിൽ ചേർക്കും. അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ മാത്രമാകും ആദ്യം ലഭിക്കുക. പിന്നീട് ഹൈദരാബാദിലും കൊൽക്കത്തയിലും ഫീച്ചർ പുറത്തിറക്കുമെന്നും ഗൂഗിൾ പറഞ്ഞു.
സ്ട്രീറ്റ് വ്യൂ എന്ന സേവനത്തിനായി ഗൂഗിൾ മൂന്നാം കക്ഷികളുമായി സഹകരിക്കുന്നത് ഇതാദ്യമാണ്. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2011-ൽ സ്ട്രീറ്റ് വ്യൂ നിർത്തേണ്ടി വന്നതിന് ശേഷമാണ് ഇത്. ഇന്ത്യയുടെ സമീപകാല ജിയോസ്പേഷ്യൽ പോളിസിയാണ് അത് പരിഹരിക്കാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.