'രാജ്യത്തുടനീളം മിതമായ നിരക്കിൽ മരുന്ന് ഡെലിവറി'; പുതിയ ആപ്പുമായി ഫ്ലിപ്കാർട്ട്
text_fieldsരാജ്യത്ത് മരുന്ന് ഡെലിവറി രംഗത്തേക്കും കാലെടുത്തുവെച്ച് പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്. മിതമായ നിരക്കിൽ മരുന്നുകൾ വീട്ടിലെത്തിച്ച് നൽകുന്നതിനായി ഫ്ലിപ്കാർട്ട് ഹെല്‍ത്ത്പ്ലസ് എന്ന പേരിൽ ഒരു ഡിജിറ്റൽ ഹെൽത്ത്കെയർ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്ഫോമും കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു.
പ്രത്യേക ആപ്പായി ലോഞ്ച് ചെയ്തിരിക്കുന്ന ഈ സേവനത്തിലൂടെ മരുന്നുകളും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള മറ്റ് ഉത്പന്നങ്ങളും രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം. റിമോട്ട് ഏരിയകൾ അടക്കം ഇന്ത്യയിൽ 20000ത്തോളം പിൻ കോഡുകളിൽ മരുന്നുകൾ ഡെലിവറി ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം.
മറ്റൊരു ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ 'ആമസോൺ ഫാർമസി' സേവനത്തോടായിരിക്കും ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസിന്റെ മത്സരം. കൂടെ മത്സര രംഗത്ത് ടാറ്റ 1എംജി, ഫാർമസി, നെറ്റ്‌മെഡ്‌സ് തുടങ്ങിയ ആപ്പുകളുമുണ്ട്.
അതേസമയം, ഗുണനിലവാരമുള്ള മരുന്നുകൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള സാസ്താസുന്ദർ ഡോട്ട് കോം (Sastasundar.com) എന്ന ഹെൽത്ത് കെയർ നെറ്റ്‍വർക്കുമായി ഫ്ലിപ്കാർട്ട് ചേർന്നുപ്രവർത്തിക്കും. കൂടാതെ, ഡെലിവറി ചെയ്യുന്ന മരുന്നുകളും മറ്റ് ഉൽപ്പന്നങ്ങളും ആധികാരികമാണെന്ന് ഉറപ്പാക്കാൻ സ്ഥിരീകരണ രീതികളും ഗുണനിലവാര പരിശോധനകളും ഉപയോഗിക്കും. ഫ്ലിപ്പ്കാർട്ടിന്റെ ഹെൽത്ത്+ സംരംഭത്തിൽ മെഡിക്കൽ കുറിപ്പടി സ്ഥിരീകരണത്തിനും മറ്റും സർട്ടിഫൈഡ് ഫാർമസിസ്റ്റുകളുടെ സേവനവും ഉപയോഗപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.