ഐ.എസ്.ആർ.ഒക്ക് വേണ്ടി ഒരു രൂപ ചെലവാക്കുമ്പോൾ രണ്ടര രൂപ തിരിച്ചുകിട്ടുന്നു -എസ്. സോമനാഥ്
text_fieldsബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനായി (ഐ.എസ്.ആർ.ഒ) ചെലവഴിക്കുന്ന ഓരോ രൂപക്കും സമൂഹത്തിന് രണ്ടര രൂപ വീതം തിരികെ കിട്ടുമെന്ന് സമീപകാല പഠനങ്ങളിൽനിന്ന് വ്യക്തമാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്. ബഹിരാകാശത്ത് മറ്റ് രാജ്യങ്ങളുമായി മത്സരിക്കുക എന്നതല്ല, ഇന്ത്യക്ക് വേണ്ടിയുള്ള സേവനം മികച്ചതാക്കുക എന്നതാണ് ഐ.എസ്.ആർ.ഒയുടെ ലക്ഷ്യം. കൂടുതൽ സ്വതന്ത്രമാകാൻ സ്പേസ് ടെക്നോളജിയിൽ കൂടുതൽ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ചന്ദ്രനിൽ പോകുകയെന്നത് ചെലവേറിയ കാര്യമാണ്. ഫണ്ടിങ്ങിനായി സർക്കാറിനെ മാത്രം ആശ്രയിക്കാനാകില്ല. ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കണം. ദീർഘകാല നിലനിൽപ്പിന് അത്തരം സാഹചര്യമുണ്ടാക്കണം. ബഹിരാകാശ രംഗത്തെ വ്യാപാര അവസരങ്ങളിൽ ഉൾപ്പെടെ സ്വതന്ത്രമായ പ്രവർത്തന സാഹചര്യമാണ് വേണ്ടത് ഇല്ലെങ്കിൽ കുറച്ചുകഴിയുമ്പോൾ അടച്ചുപൂട്ടാൻ പറഞ്ഞേക്കാം.
ഐ.എസ്.ആർ.ഒയുടെ പല പദ്ധതികളും ജനങ്ങൾക്ക് നേരിട്ട് ഗുണപ്രദമാണ്. മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പ് വലിയ ഉദാഹരമാണ്. കടലിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്ന ഓഷ്യൻസാറ്റ് ഉപഗ്രഹം ഇതിനായി സഹായിക്കുന്നു. ഈ സേവനം ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നല്ലപോലെ മീൻ കിട്ടുന്നുണ്ട്. ഒപ്പം ഡീസൽ ലാഭിക്കാനും സാധിക്കും. ഇത്തരത്തിൽ വിവിധ മേഖലകളിൽ ഐ.എസ്.ആർ.ഒയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ബഹിരാകാശ പദ്ധതികൾക്ക് വേണ്ടി ഐ.എസ്.ആർ.ഒക്ക് വേണ്ടി ചെലവഴിച്ച പണം സമൂഹത്തിന് ഗുണപ്പെടുന്നുണ്ടോയെന്ന പഠനത്തിൽ ചെലവഴിക്കുന്ന ഓരോ രൂപക്കും രണ്ടര രൂപ വീതം തിരികെ കിട്ടുമെന്നാണ് കണ്ടെത്തിയത്” -എസ്. സോമനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.