ട്വിറ്ററിന് എതിരാളിയെത്തി; ‘ബ്ലൂസ്കൈ’ ആപ്പുമായി മുൻ സി.ഇ.ഒ ജാക്ക് ഡോർസി; ആപ്പ് സ്റ്റോറിൽ റിലീസ് ചെയ്തു
text_fieldsട്വിറ്ററിൽ വീണ്ടും സി.ഇ.ഒ ആയി തിരിച്ചുവരുമെന്നുള്ള എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് ജാക്ക് ഡോർസി ഇപ്പോൾ ട്വിറ്ററിനൊരു ബദലുമായി എത്തിയിരിക്കുകയാണ്. 2021 നവംബറിൽ സി.ഇ.ഒ സ്ഥാനത്ത് നിന്നും രാജിവെച്ചൊഴിഞ്ഞ ഡോർസി, ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്‌കുമായുള്ള സൗഹൃദത്തിന്റെ പുറത്ത് പ്ലാറ്റ്‌ഫോമിന്റെ തലപ്പത്തേക്ക് തിരിച്ചുവരുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഡോർസിയുടെ പുതിയ നീക്കം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഡോർസിയുടെ പിന്തുണയോടെയെത്തുന്ന പുതിയ മൈക്രോ ബ്ലോഗിങ് ആപ്പിന്റെ പേര് ‘ബ്ലൂസ്കൈ’ എന്നാണ്. ട്വിറ്ററിന്റെ നീല നിറം രൂപത്തിലും പേരിലും നിലനിർത്തിക്കൊണ്ടുള്ള ‘ബ്ലൂസ്കൈ’ ഇപ്പോൾ ആപ്പിൾ ആപ്പ് സ്റ്റോറിൽ ടെസ്റ്റിങ്ങിന്റെ ഭാഗമായി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇൻവൈറ്റ് ഓൺലി ബീറ്റ മോഡിലാണ് ആപ്പ് ആപ്പിൾ സ്റ്റോറിൽ എത്തിയിരിക്കുന്നത്. വൈകാതെ പബ്ലിക് ലോഞ്ചും സംഭവിച്ചേക്കുമെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
ഒരു പുതിയ വികേന്ദ്രീകൃത സോഷ്യൽ മീഡിയ പ്രോട്ടോക്കോളായാണ് ബ്ലൂസ്കൈ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പല കാര്യങ്ങളിലും മറ്റ് സോഷ്യൽ മീഡിയകളിൽ നിന്ന് വ്യത്യസ്തമായിരിക്കും തങ്ങളുടെ ആപ്പെന്നും അവർ അവകാശപ്പെടുന്നു.
നിലവിൽ ട്വിറ്ററിന്റെ യൂസർ ഇന്റർഫേസിന് സമാനമാണ് ബ്ലൂസ്കൈയുടെ യു.ഐ. ട്വിറ്റർ യൂസർമാരോട് ചോദിക്കുന്ന പരസ്യ വാചകം "What's happening?" എന്നാണെങ്കിൽ ബ്ലൂസ്കൈ ചോദിക്കുക "What's up?” എന്നായിരിക്കും.
ട്വിറ്റർ പോലെ, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഷെയർ ചെയ്യാനും മ്യൂട്ട് ചെയ്യാനും കഴിയും. എന്നാൽ, ഉപയോക്താക്കൾക്ക് നിലവിൽ ലിസ്റ്റിലേക്ക് ആളുകളെ ചേർക്കാനുള്ള ഓപ്ഷൻ ഇല്ല. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് "ആരെയാണ് പിന്തുടരേണ്ടത്" എന്ന നിർദ്ദേശങ്ങൾ ലഭിക്കും. "ട്വിറ്റർ പോലെ തന്നെ ലൈക്കുകൾ, റീപോസ്റ്റുകൾ, ഫോളോവുകൾ, മറുപടികൾ എന്നിവയുൾപ്പെടെയുള്ള അറിയിപ്പുകൾ പരിശോധിക്കാൻ മറ്റൊരു ടാബ് ലഭിക്കും. എന്നാൽ, DM ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.