യൂട്യൂബ് മുൻ സി.ഇ.ഒ സൂസൻ വോജ്സിക്കി അന്തരിച്ചു; വിശ്വസിക്കാൻ കഴിയാത്ത വേർപാടെന്ന് സുന്ദർപിച്ചൈ
text_fieldsഅർബുദവുമായുള്ള പോരാട്ടത്തിനൊടുവിൽ യൂട്യൂബ് മുൻ സി.ഇ.ഒ സൂസൻ വോജ്സിക്കി അന്തരിച്ചു. ഗൂഗ്ൾ ആൻഡ് ആൽഫബറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈ അടക്കമുള്ളവർ അവർക്ക് ആദരാഞ്ജലിയർപ്പിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപർ ആണ് മരണവിവരം അറിയിച്ചത്. ''വളരെയധികം ദുഃഖത്തോടെ സൂസന്റെ നിര്യാണ വാർത്ത അറിയിക്കുകയാണ്. 26 കൊല്ലം ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട ഭാര്യയും ഞങ്ങളുടെ അഞ്ച് മക്കളുടെ അമ്മയുമായ സൂസൻ ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുന്നു. രണ്ടുവർഷമായി ശ്വാസകോശ അർബുദത്തിന്റെ പിടിയിലായിരുന്നു അവർ. എന്റെ അടുത്ത സുഹൃത്തും ജീവിത പങ്കാളിയും മാത്രമായിരുന്നില്ല, ഉജ്വലമായ മനസുള്ളവളും സ്നേഹമയിയായ അമ്മയും നിരവധിയാളുകൾക്ക് ഉറ്റസുഹൃത്തുമായിരുന്നു സൂസൻ. അവർ ലോകത്തിനും ഞങ്ങളുടെ കുടുംബത്തിനും നൽകിയ സംഭാവനകൾ അനശ്വരമായി നിലനിൽക്കും. ഈ വിഷമം പിടിച്ച ഘട്ടത്തിലൂടെ കടന്നുപോകുന്ന ഞങ്ങളെയും നിങ്ങളുടെ പ്രാർഥനകളിൽ ഉൾപ്പെടുത്തുക.''-എന്നാണ് ഡെന്നീസ് ഫേസ്ബുക്കിൽ കുറിച്ചത്.
രണ്ടുവർഷമായി അർബുദത്തോട് പൊരുതുന്ന പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപാട് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് സുന്ദർപിച്ചൈ എക്സിൽ കുറിച്ചത്. ഗൂഗ്ളിന്റെ ചരിത്രത്തിൽ സൂസന് വ്യക്തമായ സ്ഥാനമുണ്ട്. അവരില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. വളരെ മികച്ച വ്യക്തിയും നേതാവും സുഹൃത്തുമൊക്കെയായിരുന്നു സൂസൻ. ലോകത്തിനും എന്നെ പോലുള്ള അനവധി ഗൂഗ്ളിൽ ജോലി ചെയ്തവരിലും അവർ വലിയ സ്വാധീനം ചെലുത്തി. തീർച്ചയായും ഈ വിടവ് ഞങ്ങളെ വേദനിപ്പിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. റെസ്റ്റ് ഇൻ പീസ് സൂസൻ''.എന്നാണ് സുന്ദർ പിച്ചൈ കുറിച്ചത്.
2014 മുതൽ 2023 വരെ സൂസൻ യൂട്യൂബിന്റെ സി.ഇ.ഒ ആയിരുന്നു. 2006ലാണ് ഗൂഗ്ൾ യൂട്യൂബ് വാങ്ങിയത്. അതിനു പിന്നിൽ സൂസൻ ആയിരുന്നു. ഒമ്പത് വർഷം യൂട്യൂബിനെ സൂസൻ നയിച്ചു. ഗൂഗ്ളിന്റെ അവിഭാജ്യ ഘടകമായിരുന്നു സൂസൻ. യൂട്യൂബിനെ പരസ്യ ദാതാക്കളിലേക്ക് എത്തിക്കുന്നതിന് സൂസൻ വലിയ സംഭാവന നൽകി. 1999ൽ മാർക്കറ്റിങ് മാനേജറായാണ് സൂസൻ ഗൂഗ്ളിലെത്തിയത്. പിന്നീട് കമ്പനിയുടെ ഓൺലൈൻ പരസ്യ ബിസിനസ് നയിച്ച അവർ ഗൂഗിളിന്റെ വീഡിയോ സേവനത്തിന്റെ ചുമതല വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.