യുട്യൂബ് മുൻ സിഇഒ-യുടെ മകനെ യുഎസ് സർവകലാശാലയിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsമുൻ യൂട്യൂബ് സിഇഒ സൂസൻ വോജ്‌സിക്കിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. 19 കാരനായ മാർക്കോ ട്രോപ്പറിനെ കഴിഞ്ഞ ദിവസം ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡോർമിറ്ററിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം സ്ഥിരീകരിച്ചു.
യു.സി ബെർക്ക്‌ലി കാംപസിലെ ക്ലാർക്ക് കെർ ഡോർമിൽ പ്രതികരണമില്ലാത്ത രീതിയിൽ ഒരു വിദ്യാർത്ഥിയുള്ളതായാണ് അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് മാർക്ക് ട്രോപ്പറിനെ കണ്ടെത്തിയത്. അഗ്നിശമനസേനയെത്തി ജീവൻ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും യുവാവ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ദുരൂഹമായ രീതിയിലുള്ളതെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കാമ്പസ് പൊലീസ് അറിയിച്ചു. എന്നാൽ, മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാകാം മരണകാരണമെന്ന് ട്രോപ്പറിൻ്റെ മുത്തശ്ശി എസ്തർ വോജ്‌സിക്കി ആരോപിക്കുന്നുണ്ട്. ‘‘അവൻ ലഹരി ഉപയോഗിച്ചിട്ടുണ്ട്. അത് എന്ത് തരത്തിലുള്ളതാണെന്ന് ഞങ്ങൾക്കറിയില്ല. ഒരുകാര്യം ഉറപ്പാണ് അതൊരു ലഹരിമരുന്നാണ്’’. അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അവർ തൻ്റെ പേരമകനെ "സ്നേഹമുള്ളവനും" "ഗണിത പ്രതിഭ"യുമെന്നാണ് വിശേഷിപ്പിച്ചത്. യുസി ബെർക്ക്‌ലിയിൽ പുതുമുഖമായ ട്രോപ്പർ ഗണിതശാസ്ത്ര ബിരുദത്തിൽ രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ്. .
മരണകാരണം സ്ഥിരീകരിക്കാൻ സഹായിക്കുന്ന ടോക്സിക്കോളജി റിപ്പോർട്ടിനായി ട്രോപ്പറിന്റെ കുടുംബം കാത്തിരിക്കുകയാണ്, പക്ഷേ ഇതിന് 30 ദിവസം വരെ എടുത്തേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.