സൂക്ഷിക്കുക; വാട്സ്ആപ് ഹാക്ക് ചെയ്തും തട്ടിപ്പ്
text_fieldsഅജ്മാന്: ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ ഓൺലൈൻ തട്ടിപ്പുകളുടെ കഥ. ഭാഗ്യത്തിന് രക്ഷപ്പെടുന്നവർ നിരവധിയുണ്ടെങ്കിലും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിലും കുറവില്ല. വാട്സ്ആപ് ഹാക്ക് ചെയ്താണ് പുതിയ തട്ടിപ്പ്. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനിയായ അജ്മാനിലെ അധ്യാപികയുടെ വാട്സ്ആപ് കഴിഞ്ഞദിവസം ഹാക്ക് ചെയ്തു. എമിഗ്രേഷനില്നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി അധ്യാപികയുടെ ഫോണിലേക്ക് വിളി വന്നിരുന്നു. നിങ്ങളുടെ ഫോണിലേക്ക് ഒരു മെസേജ് അയച്ചിട്ടുണ്ടെന്നും അതിലെ നമ്പര്‍ പറഞ്ഞു തരാനും ആവശ്യപ്പെട്ടായിരുന്നു സംസാരം.
പന്തികേട് തോന്നിയ അധ്യാപിക ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി തവണ ഫോണ്‍ വന്നെങ്കിലും എടുക്കാതിരുന്ന അധ്യാപിക അവസാനം ഫോണ്‍ എടുത്തപ്പോള്‍ അങ്ങേ തലക്കല്‍നിന്ന് വളരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു. നിങ്ങളുടെ സുരക്ഷക്കായാണ് ഞങ്ങള്‍ വിളിക്കുന്നതെന്നും എത്രയും പെട്ടെന്ന് നമ്പര്‍ പറഞ്ഞുകൊടുക്കാനും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഭയപ്പെട്ട ടീച്ചര്‍ നമ്പര്‍ പറഞ്ഞുകൊടുക്കാന്‍ നിര്‍ബന്ധിതയായി. നമ്പര്‍ കൊടുത്തതിന്റെ അടുത്ത നിമിഷം തന്നെ ടീച്ചറുടെ വാട്സ്ആപ് ബ്ലോക്കായി.
മെസേജായി വന്നത് ഇവരുടെ വാട്സ്ആപ്പിന്റെ ഒ.ടി.പി നമ്പറായിരുന്നു. ഉടൻ പരാതിപ്പെട്ടെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ പൊലീസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. വാട്സ്ആപ് ഹാക്ക് ചെയ്ത തട്ടിപ്പുസംഘം മറ്റു സഹപ്രവര്‍ത്തകര്‍, കുട്ടികളുടെ രക്ഷിതാക്കള്‍ തുടങ്ങി നിരവധി പരിചയക്കാര്‍ക്ക് മെസേജുകള്‍ അയച്ചിരുന്നു. തന്റെ എ.ടി.എം കാര്‍ഡ് ബ്ലോക്ക് ആയിപ്പോയെന്നും അത്യാവശ്യമായി പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ടീച്ചറുടെ ഹാക്ക് ചെയ്യപ്പെട്ട വാട്സ് ആപ്പില്‍നിന്നും സന്ദേശങ്ങള്‍ പോയിരുന്നത്. മെസേജ് കിട്ടിയ ചിലരെങ്കിലും ടീച്ചറെ വിളിച്ച് സത്യാവസ്ഥ അന്വേഷിച്ചത് പണം നഷ്ടപ്പെടാതിരിക്കാന്‍ കാരണമായി. സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇ എന്ന പ്രൊഫൈല്‍ ചിത്രം വെച്ചായിരുന്നു ഹാക്ക് ചെയ്യപ്പെട്ട വാട്സ്ആപ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.
വാട്സ്ആപ് അതോറിറ്റിയുമായി നിരന്തരം ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരുടെ വാട്സ്ആപ് തിരിച്ചുകിട്ടിയത്. അപ്പോഴേക്കും നിരവധി പേര്‍ക്ക് പണം ആവശ്യപ്പെട്ടുകൊണ്ട് ഈ നമ്പറില്‍നിന്ന് സന്ദേശങ്ങള്‍ പോയിരുന്നു. വാട്സ്ആപ് ബ്ലോക്കാക്കി നടത്തുന്ന തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ support@support.whatsapp.com എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ എത്രയും വേഗം നടപടിയുണ്ടാകുമെന്ന് ടീച്ചര്‍ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.
ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ച് പണം തട്ടുന്ന രീതി അടുത്തിടെ വ്യാപകമായിരുന്നു. ഫ്രണ്ട് റിക്വസ്റ്റ് അയച്ച് മെസഞ്ചര്‍ വഴി പണം ആവശ്യപ്പെടുകയാണ് വിരുതന്മാര് ചെയ്യുന്നത്.
ഒരാളുടെ ഫേസ്ബുക്കിന്റെ സമാനമായ അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും സ്വീകരിക്കുന്നവരോട് മെസഞ്ചറില്‍ പോയി അത്യാവശ്യമായി പണം വേണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഇത് ഏറക്കുറെ ആളുകള്‍ മനസ്സിലാക്കിയതോടെയാണ് വാട്സ്ആപ് ദുരുപയോഗം ചെയ്ത് തട്ടിപ്പുകള്‍ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.