ഫേസ്ബുക്ക് വഴി തട്ടിപ്പുകൾ പെരുകി; കരുതിയിരുന്നാൽ കാശുപോകില്ല
text_fieldsഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവരെല്ലാം ജാഗരൂകരായിക്കേണ്ട കാലമാണ്. കോവിഡ് കാലത്ത് പൊതുവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന പോലെ സമൂഹമാധ്യമങ്ങളിലും ചില അകലം പാലിക്കലുകൾ നല്ലതാണ്. കാരണം അടുത്തിടെ ഫേസ്ബുക്ക് വഴി തട്ടിപ്പുകൾ പെരുകിയിരിക്കുന്നു. ഓരോ പോസ്റ്റിലും ഓരോ പ്രൊഫൈലിലും ചതി ഒളിഞ്ഞിരിക്കുന്നുണ്ട്. പ്രൊഫൈൽ ചിത്രം കോപ്പിയടിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പണം പിടുങ്ങുന്നത്. ഫേസ്ബുക്ക് മെസഞ്ചർ വഴിയാണ് സഹായ അപേക്ഷ എത്തുന്നത് എന്നതിനാൽ മെസഞ്ചറിൽ സന്ദേശം കാണുേമ്പാൾ പരിശോധിച്ചിട്ട് മാത്രം മറുപടി നൽകുക. ഇത്തരം തട്ടിപ്പുകളിൽനിന്ന് രക്ഷനേടാനുള്ള ചില വഴികൾ.
1. സഹായ അഭ്യർഥന വരുന്ന പ്രൊഫൈൽ സുഹൃത്തിെൻറതായാലും യഥാർഥമാണോ വ്യാജനാണോ എന്ന് ഉറപ്പാക്കുക. വ്യാജ അക്കൗണ്ടുകൾ അടുത്തിടെ തുടങ്ങിയവയായിരിക്കും. വ്യക്തിപരമായ ഫോട്ടോകളും പോസ്റ്റുകളും ഉണ്ടാവില്ല. സുഹൃത്തുകൾ എല്ലാം അന്യസംസ്ഥാനക്കാരോ വിദേശികളോ ആയിരിക്കും. നിങ്ങളുടെയും സുഹൃത്തുക്കളുടെയും പോസ്റ്റുകൾക്ക് പ്രതികരിച്ചിട്ടുമുണ്ടാവില്ല.
2. പരിചയമില്ലാത്ത ആരുമായും സൗഹൃദം സ്ഥാപിക്കാതിരിക്കുക. ബന്ധുക്കളോ നേരിട്ട് അറിയാവുന്നവരോ കൂടെ പഠിച്ചവരോ ആയി മാത്രം സമൂഹ മാധ്യമങ്ങളിൽ ആശയവിനിമയം നടത്തുക.
3. നേരിട്ട് പണം ആവശ്യെപ്പടുന്ന അഭ്യർഥനകൾക്ക് മറുപടി നൽകാതിരിക്കുക. പണം ചോദിച്ച സുഹൃത്തുമായി നേരിൽ സംസാരിച്ച ശേഷം മാത്രം സഹായം നൽകുക.
4. ഒരു പോസ്റ്റിലൂടെ എന്തും വിൽക്കാനും വാങ്ങാനും പറ്റുന്ന ഫേസ്ബുക് മാർക്കറ്റ് പ്ലേസിലും തട്ടിപ്പ് വ്യാപകമാണ്. ബ്രാൻഡഡ് വസ്തുക്കളുടെ വ്യാജനും മോഷണ വസ്തുക്കളും വിൽപനക്ക് വെക്കുന്നത് ശ്രദ്ധിക്കണം. സെക്കൻഡ് ഹാൻഡ് കച്ചവടത്തിലാണ് കബളിപ്പിക്കൽ കൂടുതൽ. പുതിയ ഇനങ്ങളുടെ ഫോട്ടോ നൽകി പഴയവ വിൽക്കുന്നവരും കേടായതും ഉപയോഗശൂന്യവുമായ വസ്തുക്കൾ നൽകി പറ്റിക്കുന്നവരും കുറവല്ല. നേരിട്ട് കണ്ട് ഉറപ്പാക്കിയിട്ട് മതി കച്ചവടം. മുൻകൂർ പണം അയക്കരുത്.
5. വലിയ സംഘടനയുടെയോ പ്രശസ്തരുടെയോ പേരിലുള്ള വെരിഫൈഡ് അല്ലാത്ത പേജുകൾ ശ്രദ്ധിക്കുക. അക്ഷരത്തെറ്റും അവ്യക്തവുമായ പോസ്റ്റുകൾ സൂക്ഷിക്കുക.
6. ഫേസ്ബുക്കിൽ നടക്കുന്ന ആശയവിനിമയത്തെ പെട്ടെന്ന് ഇ-മെയിലിലേക്കോ മറ്റോ തിരിച്ചുവിടാനുള്ള നീക്കത്തെ കരുതുക. സമ്മാനമോ വൻതുകയോ ലഭിച്ചെന്ന് കാട്ടി പണം തട്ടാനുള്ള ശ്രമത്തെ സൂക്ഷിക്കുക.
7. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഔദ്യോഗിക കമ്പനി ഇ-മെയിൽ വിലാസങ്ങൾ @ fb.com, @ instagram.com എന്നിവയിൽ അവസാനിക്കുന്നു. ഇവ ഒരിക്കലും നിങ്ങളുടെ പാസ്‌വേഡുകൾ ഇ-മെയിൽ അല്ലെങ്കിൽ സന്ദേശങ്ങൾ വഴി ആവശ്യപ്പെടില്ല.
8. നിങ്ങളുടെ പ്രൊഫൈലിൽ ആരെങ്കിലും നുഴഞ്ഞുകയറിയതായി സംശയം തോന്നിയാൽ ഫേസ്ബുക്ക് പ്രൊഫൈൽ സെറ്റിങ്സിൽ പോയി 'സെക്യൂരിറ്റി ആൻഡ് ലോഗി'നിൽ ക്ലിക് ചെയ്ത് നോക്കുക. നീല ടിക് അഥവാ വെരിഫിക്കേഷൻ ബാഡ്ജിനായി ആർക്കും പണം നൽകാതിരിക്കുക.
9. ഒരു സന്ദേശം തട്ടിപ്പാണെന്ന് തോന്നിയാൽ തുറക്കാതെ phish@fb.comൽ ഉടൻ റിപ്പോർട്ട് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.