ഐഫോൺ 12-ലെ റേഡിയേഷൻ: ഫ്രഞ്ച് അധികൃതർക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നൽകി ആപ്പിൾ
text_fieldsപാരിസ്: റേഡിയേഷൻ പരിധി ഉയർന്നതിനെ തുടർന്ന് ആപ്പിളിനോട് ഐഫോൺ 12ന്റെ വിൽപന രാജ്യത്ത് നിർത്തിവെക്കണമെന്ന നിർദേശവുമായി ഫ്രാൻസ് രംഗത്തുവന്നിരുന്നു. യുറോപ്യൻ യൂണിയൻ നിശ്ചയിച്ചതിലും അധികമാണ് ആപ്പിളിലെ റേഡിയേഷൻ പരിധിയെന്നായിരുന്നു ഫ്രാൻസിലെ റേഡിയേഷൻ നിരീക്ഷണ ഏജൻസിയായ അൽഫാറിന്റെ കണ്ടെത്തൽ. ഐഫോൺ 12ൽ 'Specific Absorption Rate (SAR)' കൂടുതലാണെന്നാണ് അവർ പറയുന്നത്.
ഫ്രാൻസിന്റെ നീക്കം യുറോപ്പിൽ ഐഫോൺ 12ന്റെ നിരോധനത്തിലേക്ക് നയിക്കുമെന്ന ആശങ്കയുയർന്നിരുന്നു. ജർമനിയും ബെൽജിയവും സമാന നീക്കത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സ്പെയിനിലെ ഒ.സി.യു കൺസ്യൂമർ ഗ്രൂപ്പ് ഐഫോൺ 12ന്റെ വിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരികയുണ്ടായി.
എന്നാൽ, പ്രശ്നം പരിഹരിക്കാനായി ഫ്രഞ്ച് അധികൃതരുടെ ഐഫോൺ 12-ന് സോഫ്റ്റ് വെയർ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ആപ്പിൾ. റേഡിയേഷൻ പ്രശ്‌നത്തിനുള്ള പരിഹാരമായി നൽകിയ അപ്ഡേറ്റ് അവർ അവലോകനം ചെയ്യുകയാണെന്ന് ഫ്രഞ്ച് ഡിജിറ്റൽ മന്ത്രാലയത്തിലെ ഒരാൾ ചൊവ്വാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാൻ ആപ്പിൾ വിസമ്മതിച്ചാൽ ഉൽപ്പന്നം തിരിച്ചുവിളിക്കുമെന്ന് ഫ്രാൻസ് ഭീഷണിപ്പെടുത്തിയിരുന്നു.
റേഡിയേഷൻ പരിധി സംബന്ധിച്ച് ഐഫോൺ 12ന് നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതായി കഴിഞ്ഞ ദിവസം ആപ്പിൾ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു. അന്താരാഷ്ട്രതലത്തിലെ റേഡിയേഷൻ പരിധിക്കുള്ളിൽ നിന്നാണ് ഫോൺ പുറത്തിറക്കുന്നതെന്നും ആപ്പിൾ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആപ്പിളിലും തേർഡ് പാർട്ടി ലാബുകളിലും നിരവധി തവണ ഫോണിന്റെ പരിശോധന നടത്തിയിട്ടുണ്ടെന്നും അവർ വിശദീകരിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.