ടെക് വിസ്മയമൊരുക്കി ജൈടെക്സ് ഇന്നു മുതൽ
text_fieldsദുബൈ: സാങ്കേതികവിദ്യയിലെ വിസ്മയലോകത്തേക്ക് സ്വാഗതം, ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ (ജൈടെക്സ്) തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ തുടങ്ങും. കേരളത്തിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള 200ഓളം കമ്പനികൾ ഉൾപ്പെടെ 5000ത്തോളം സ്ഥാപനങ്ങൾ പങ്കെടുക്കും.
20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ് പരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഏരിയ ഇക്കുറി കൂടുതലുണ്ട്. ദുബൈയിലെ വിവിധ സർക്കാർ വകുപ്പുകൾ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സാങ്കേതിക വിദഗ്ധർ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം അണിനിരക്കും. 170 രാജ്യങ്ങളിലെ സന്ദർശകരെ പ്രതീക്ഷിക്കുന്ന ജൈടെക്സിൽ 90ലധികം രാജ്യങ്ങളുടെ പവിലിയനുണ്ടാകും. 'എന്‍റർ ദി നെക്സ്റ്റ് ഡിജിറ്റൽ യൂനിവേഴ്സ്' എന്ന പ്രമേയത്തിലാണ് 42ാം എഡിഷൻ അരങ്ങേറുന്നത്.
ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ മെറ്റാവേഴ്സിന്റെ പുതിയ രൂപഭാവങ്ങൾ ഇവിടെ കാണാം. േബ്ലാക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മന്റ് റിയാലിറ്റി, റിമോട്ട് വർക്ക് ആപ്, ഡിജിറ്റൽ ഇക്കോണമി, ക്രിപ്റ്റൊകറൻസി, കോഡിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടിത്തങ്ങൾ ഇവിടെയുണ്ടാകും. ഭാവി വാഹനമായി കരുതപ്പെടുന്ന ഡ്രൈവറില്ലാ കാർ, പറക്കും കാർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിനുണ്ടാകും. gitex.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുത്ത് പ്രവേശിക്കാം. 220 മുതലാണ് ടിക്കറ്റ് നിരക്ക്.
കേരളത്തിൽനിന്ന് 40 സ്റ്റാർട്ടപ്
ദുബൈ: കേരളത്തിന്‍റെ സാങ്കേതിക പരിജ്ഞാനം ലോകത്തിന് പകർന്നുനൽകാൻ ലക്ഷ്യമിട്ട് കേരളത്തിൽ നിന്ന് 40 സ്റ്റാർട്ടപ്പുകൾ ജൈടെക്സിന്‍റെ ഭാഗമാകും. കേരള സ്റ്റാർട്ടപ് മിഷന്‍റെ നേതൃത്വത്തിലാണ് സംഘം എത്തുന്നത്. സൈബർ സുരക്ഷ, മീഡിയ ടെക്, എജുടെക്, സംരംഭകത്വം, ഹെൽത്ത്, ഫിൻടെക്, കൺസ്യൂമർ ടെക്, ഇൻഷുറൻസ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽനിന്ന് പങ്കെടുക്കുക. മുൻ വർഷങ്ങളിലും സ്റ്റാർട്ടപ് മിഷൻ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയധികം കമ്പനികൾ എത്തുന്നത്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മറ്റു വിദേശ രാജ്യങ്ങളുമായി കരാറിൽ ഒപ്പുവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.