ടിക്കറ്റ് ബുക്കിങ്ങ് മുതൽ സാധനങ്ങൾ വരെ വാങ്ങി തരും; എ.ഐയെ അടിമുടിമാറ്റാൻ ഗൂഗ്ളിന്റെ ജാർവിസെത്തുന്നു
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്ത് വലിയ മുന്നേറ്റമുണ്ടാക്കിയ കമ്പനികളിലൊന്നാണ് ഗൂഗ്ൾ. പിക്സൽ 9 സീരിസിലൂടെ ചില ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ ഗൂഗ്ൾ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ അതിനുമപ്പുറത്തേക്കുള്ള സാധ്യതകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ തുറന്നിടാനാണ് ഗൂഗ്ൾ ഒരുങ്ങുന്നത്.
നിലവിൽ ജെമിനെ എന്ന പേരിൽ ഗൂഗ്ളിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് ഉണ്ട്. എന്നാൽ, പുതിയ വിവരങ്ങൾ പ്രകാരം ഗൂഗ്ളിന് മറ്റൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് കൂടി ഉണ്ടാവും. ജാർവിസ് എന്ന പേരിട്ടിരിക്കുന്ന എ.ഐ അസിസ്റ്റന്റിന്റെ വിവരങ്ങൾ ഗൂഗ്ൾ അബദ്ധത്തിൽ പുറത്ത് വിടുകയായിരുന്നു.
ഇന്റർനെറ്റിൽ വെബ് സർഫിങ്ങിന് ഉൾപ്പടെ വലിയ സഹായം നൽകുന്നതാണ് ജാർവിസ്. നിത്യജീവിതത്തിലെ പല ടാസ്കുകളും ചെയ്യാൻ ജാർവിസിന് സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതും, സാധനങ്ങൾ വാങ്ങുന്നതും വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതുമെല്ലാം ജാർവിസ്ചെയ്യും.
സ്വതന്ത്രമായി ഒരു കമ്പ്യൂട്ടറിനെ ചലിപ്പിക്കാൻ ജാർവിക്ക് സാധിക്കും. ഇത് മനുഷ്യന്റെ ഇടപെടലുകൾ പരമാവധി കുറക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഗൂഗ്ൾ ക്രോമിന്റെ തന്നെ ഒരു എക്സ്റ്റൻഷനായിട്ടായിരിക്കും ജാർവിയെത്തുക. ഡിസംബറിലാവും ഗൂഗ്ൾ എ.ഐ അസിസ്റ്റിനെ ഔദ്യോഗികമായി പുറത്തിറക്കുക.
ഇതിന് മുമ്പ് ഗൂഗ്ൾ സ്റ്റോറിൽ ജാർവിയുടെ ബീറ്റ പതിപ്പ് എത്തുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഗൂഗ്ൾ ക്രോമിൽ തന്നെയുള്ള ഉപഭോക്തൃ സൗഹൃദമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായിരിക്കും ജാർവി. ഇത് പുറത്തിറക്കുന്നതിനൊപ്പം ജെമിനെയുടെ പുതിയ പതിപ്പും ഗൂഗ്ൾ പുറത്തിറക്കും. ജെമിനെ 2.0 പതിപ്പായിരിക്കും ഗൂഗ്ൾ പുറത്തിറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.