‘ഗൂഗിളിനും വേണം ആപ്പിളിനും വേണം’; ഇവരാണ് ആ ഐ.ഐ.ടി എഞ്ചിനീയർമാർ...
text_fieldsനിർമിത ബുദ്ധിയാണ് ടെക് ഭീമൻമാർക്കിടയിൽ ഇപ്പോഴത്തെ ഏറ്റവും വലിയ ഹോട് ടോപിക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് മൈക്രോസോഫ്റ്റാണ് അൽപ്പം മുൻപന്തിയിലെങ്കിലും ഗൂഗിൾ ഒട്ടും പിന്നിലല്ല. എന്നാൽ, ടിം കുക്കിന്റെ ആപ്പിൾ മാത്രം, ഇക്കാര്യത്തിൽ അൽപ്പം പിറകോട്ടാണ്. എ.ഐ റേസിൽ ഗൂഗിളിനും, മൈക്രോസോഫ്റ്റിനുമൊപ്പം മുട്ടി നിൽക്കാൻ ഐഫോൺ നിർമാതാക്കൾ ബുദ്ധിമുട്ടുകയാണെന്നാണ് വിവരം.
തങ്ങളുടെ എ.ഐ സേവനങ്ങൾക്ക് മികവ് പകരുന്നതിനായി ഇന്ത്യക്കാരായ രണ്ട് ഐ.ഐ.ടി എൻജിനീയർമാർക്ക് വേണ്ടി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും ആപ്പിൾ സി.ഇ.ഒ ടിം കുക്കും മത്സരിച്ചിരുന്നു. ‘ദ ഇൻഫർമേഷൻ’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ശ്രീനിവാസൻ വെങ്കിട്ടാചാരി, ആനന്ദ് ശുക്ല എന്നിവർക്ക് വേണ്ടിയാണ് ഇരുവരും ഒരുമിച്ച് രംഗത്തുവന്നത്.
വെങ്കടാചാരി ഐ.ഐ.ടി-മദ്രാസിൽ നിന്നും ശുക്ല ഐ.ഐ.ടി-കാൺപൂരിൽ നിന്നുമാണ് ബിടെക് ബിരുദം നേടിയത്. ഗൂഗിൾ എൻജിനീയറായ സ്റ്റീവൻ ബേക്കറുമായി ചേർന്ന് ഇരുവരും ലേസർലൈക്ക് എന്ന പേരിൽ ഒരു മെഷീൻ ലേണിങ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചിരുന്നു. അത് പിന്നീട് ആപ്പിൾ ഏറ്റെടുക്കുകയാണുണ്ടായത്.
മൂവരും ഒരുമിച്ച് ആപ്പിളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ആപ്പിളിന്റെ ‘സേർച് സാങ്കേതികവിദ്യ’ നവീകരിക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചു. എന്നാൽ, അതിനുശേഷം അവർ ലാർജ് ലാംഗ്വേജ് മോഡലിൽ (LLMs) പ്രവർത്തിക്കാനായി ഗൂഗിളിലേക്ക് മാറുകയായിരുന്നു.
ഗൂഗിളിലെ തന്റെ ടീമിൽ ചേരാൻ സി.ഇ.ഒ സുന്ദർ പിച്ചൈ എൻജിനീയർമാരെ നേരിട്ടാണ് ക്ഷണിച്ചത്. അതും മികച്ച വാഗ്ദാനങ്ങളുമായി. എന്നാൽ, മറുവശത്ത് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, എൻജിനീയർമാരെ കമ്പനിയിൽ തുടരാൻ പ്രേരിപ്പിച്ചു. പക്ഷേ അവർ ഗൂഗിളിലേക്ക് പോവുക തന്നെ ചെയ്തു. എൽ.എൽ.എമ്മുകളിൽ (LLM) പ്രവർത്തിക്കാനുള്ള മികച്ച അന്തരീക്ഷം ഗൂഗിളാണെന്ന് മൂവരും വിശ്വസിച്ചു.
മികച്ച സാങ്കേതിക പ്രതിഭകൾക്കായി ടെക് ഭീമൻമാരുടെ മത്സരം കടുത്തതാണെങ്കിലും, എ.ഐ റേസിൽ ഏത് കമ്പനിയാണ് മുന്നിലെത്തുന്നതെന്ന് കണ്ട് തന്നെ അറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.