കണ്ണീരണിഞ്ഞ് ഫെഡററും നദാലും; 'അത്ഭുത നിമിഷ'മെന്ന് ഗൂഗിൾ സി.ഇ.ഒ
text_fieldsകായിക ലോകത്തെ കണ്ണീരണിയിച്ച രംഗമായിരുന്നു ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ വിരമിക്കൽ മത്സരം. ഫെഡ് എക്സ്പ്രസിന്റെ അവസാന മത്സരത്തിൽ എതിരാളിയായി ഉണ്ടായിരുന്നത് ഉറ്റ ചങ്ങാതിയും തുല്യ ശക്തിയുമായ റാഫേൽ നദാലായിരുന്നു. അവസാന മത്സരത്തിന് ശേഷം ടെന്നീസ് കോർട്ടിൽ നിന്ന് താരം വിതുമ്പുന്ന കാഴ്ചയായിരുന്നു കായിക ലോകം കണ്ടത്.
കളികാണാനെത്തിയ പതിനായിരക്കണക്കിന് കാണികളും ഫെഡററുടെ കുടുംബവും പ്രിയപ്പെട്ട ഇതിഹാസത്തിനൊപ്പം കണ്ണീരണിഞ്ഞു. കരിയറിലുടനീളം എതിരാളിയായിരുന്ന നദാലിനും തന്റെ കണ്ണീരടക്കാൻ കഴിഞ്ഞില്ല. ഫെഡറർക്കൊപ്പം ഇരുന്നുകൊണ്ട് നദാൽ വിങ്ങിപ്പൊട്ടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കായിക ചരിത്രത്തിലെ തന്നെ അത്യപൂർവ നിമിഷമെന്നാണ് അതിന് പലരും അടിക്കുറിപ്പെഴുതിയത്. വലിയ സൗഹൃദമാണ് ഫെഡററും നദാലും വെച്ചുപുലർത്തുന്നത്. അത് കാലക്രമേണ സഹോദരബന്ധത്തിലേക്കും വളർന്നു.
ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഇരുവരും കരയുന്ന വിഡിയോ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം ഫെഡററുടെ വിടവാങ്ങൽ ദൃശ്യത്തിനൊപ്പം ഒരു കുറിപ്പും പോസ്റ്റ് ചെയ്തു. "ഒരു അത്ഭുതകരമായ കായിക നിമിഷം, അതുപോലുള്ള അത്ഭുതകരമായ നിമിഷങ്ങൾക്കെല്ലാം റോജർ ഫെഡറർക്ക് നന്ദി." -അദ്ദേഹം കുറിച്ചു. 69000 ത്തോളം ലൈക്കുകളാണ് സുന്ദർ പിച്ചൈയുടെ പോസ്റ്റിന് ലഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും ടെന്നീസ് ഇതിഹാസങ്ങളുടെ ചിത്രം ഷെയർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.