ദീപാവലിയല്ലേ, ആ മൂന്ന് ഓവറുകൾ വീണ്ടും കണ്ടു; മാരക തഗ്ഗുമായി സുന്ദർ പിച്ചൈ
text_fieldsഅടുത്ത കാലത്തൊന്നും ലോകത്ത് ഇത്ര ആവേശകരമായൊരു കായിക നിമിഷം ഉണ്ടായിക്കാണില്ല. ഓസ്ട്രേലിയയിലെ മെൽബണിൽ ഇന്ത്യ-പാക് ട്വന്‍റി 20 ലോകകപ്പ് സമ്മാനിച്ചത് അത്തരമൊരു അപൂർവ്വ നിമിഷമാണ്. ഏതൊരു ഇന്ത്യക്കാരനും, അത് ലോകത്തെ ഏതൊരു കോണിലും ആയിക്കോട്ടെ ത്രസിപ്പിക്കുന്ന അനുഭവമായിരുന്നു ഈ വിജയം. ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈയും അതിൽനിന്ന് വ്യത്യസ്തനല്ലെന്ന് കാണിക്കുന്ന ട്വീറ്റ് ഇന്ന് അദ്ദേഹം പങ്കുവച്ചു.
വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിരട് കോഹ്‍ലിയുടെ ബാറ്റിങ് കരുത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രില്ലര്‍ ജയം. അവസാന പന്തിലായിരുന്നു ഐതിഹാസിക ജയം നീലപ്പട സ്വന്തമാക്കിയത്. ഇന്ത്യന്‍ വിജയം ആഘോഷിക്കുന്ന ആരാധകരുടെ കൂട്ടത്തില്‍ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയുമുണ്ട്. ഇന്ത്യന്‍ വിജയത്തെ പ്രശംസിച്ചുള്ള പിച്ചൈ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റിന് താഴെ വന്ന ഒരു ആരാധകന്‍റെ കമന്‍റും അതിനുള്ള മറുപടിയും വൈറലായിട്ടുണ്ട്.
'ഹാപ്പി ദീപാവലി! എല്ലാവരും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കുന്നു എന്ന് കരുതുന്നു. ഇന്ത്യയുടെ അവസാന മൂന്ന് ഓവര്‍ വീണ്ടും ഇന്ന് വീണ്ടും കണ്ടായിരുന്നു എന്റെ ദീപാവലി ആഘോഷിം. എന്തൊരു മികച്ച മത്സരവും പ്രകടനവുമാണത്'-എന്നായിരുന്നു ദീപാവലി, ടീം ഇന്ത്യ, ടി20 ലോകകപ്പ് 2022 ഹാഷ്‌ടാഗുകളോടെ സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ്. ഇതിന് താഴെയാണ് 'ആദ്യ മൂന്ന് ഓവറുകള്‍ നിങ്ങള്‍ കാണണമായിരുന്നു' എന്ന് ഒരു കമന്‍റ് പ്രത്യക്ഷപ്പെട്ടത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ പുറത്തായ കെ.എല്‍. രാഹുലിനെയും രോഹിത് ശര്‍മ്മയേയും ചൂണ്ടിയായിരുന്നു ആരാധകന്‍റെ ട്രോള്‍. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന കമന്‍റ് പിച്ചൈ ഇതിന് മറുപടിയായി നല്‍കി. 'അതും കണ്ടു, എന്തൊരു സ്‌പെല്ലാണ് ഭുവിയും അര്‍ഷ്‌ദീപും എറിഞ്ഞത്' എന്നായിരുന്നു പാകിസ്ഥാന്‍ ടീമിന്‍റെ മോശം തുടക്കം ഓര്‍മ്മിപ്പിച്ച് ഗൂഗിള്‍ സി.ഇ.ഒയുടെ മറുപടി.
പാകിസ്ഥാനെതിരെ ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടം ഇന്ത്യ നാല് വിക്കറ്റിനാണ് വിജയിച്ചത്. സ്കോര്‍: പാകിസ്ഥാന്‍-159/8 (20), ഇന്ത്യ-160/6 (20). ഷഹീന്‍ അഫ്രീദിയുടെ 18-ാം ഓവറില്‍ കോലിയുടെ മൂന്ന് ഫോര്‍ സഹിതം ഇന്ത്യ 17 റണ്‍സ് നേടി. 19-ാം ഓവറില്‍ ആദ്യ നാല് പന്തുകളില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ ഹാരിസ് റൗഫിനെ അവസാനം രണ്ട് സിക്‌സറിന് പറത്തി കോലി 20-ാം ഓവറിലെ വിജയലക്ഷ്യം 16 ആയി കുറച്ചു. മുഹമ്മദ് നവാസിന്‍റെ അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും പുറത്തായെങ്കിലും കോലി-അശ്വിന്‍ സഖ്യം ഇന്ത്യയെ അവസാന പന്തില്‍ വിജയിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.