സ്റ്റേ അനുവദിച്ചില്ല; പിഴയുടെ 10 ശതമാനം ഗൂഗ്ൾ കെട്ടിവെക്കണമെന്ന് അപ്പലേറ്റ് ട്രൈബ്യൂണൽ
text_fieldsന്യൂഡൽഹി: 1,337.76 കോടി രൂപ പിഴ ചുമത്തിയ കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗ്ളിന്റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അംഗീകരിച്ചില്ല.പിഴ തുകയുടെ 10 ശതമാനം ഗൂഗ്ൾ കെട്ടിവെക്കണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചു.
സി.സി.ഐ വിധി ഉടൻ സ്റ്റേ ചെയ്യണമെന്ന് ഗൂഗ്ളിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടെങ്കിലും ട്രൈബ്യൂണൽ അംഗീകരിച്ചില്ല. മറ്റ് കക്ഷികളെ കേട്ടതിനുശേഷം തീരുമാനമെടുക്കാമെന്ന് വിധിയിൽ പറഞ്ഞു. അടുത്ത വാദം ഫെബ്രുവരി 13ന് നടക്കും. അതിനുമുമ്പ് നിശ്ചയിച്ച തുക ഗൂഗ്ൾ അടക്കണം. ഏപ്രില്‍ മൂന്നിനാണ് അന്തിമ വാദം. പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് കോംപറ്റീഷന്‍ കമീഷന് ഓഫ് ഇന്ത്യ ഗൂഗ്ളിന് 1,337.76 കോടി രൂപ പിഴ ചുമത്തിയത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തെ ഗൂഗ്ള്‍ വാണിജ്യാവശ്യത്തിന് ദുരുപയോഗം ചെയ്തെന്ന് കോംപറ്റീഷന്‍ കമീഷന് കണ്ടെത്തുകയായിരുന്നു. അന്യായമായ ബിസിനസ് രീതികള്‍ അവസാനിപ്പിക്കാന്‍ സി.സി.ഐ ഗൂഗ്ളിനോട് ആവശ്യപ്പെട്ടിരുന്നു.
ഗൂഗ്ൾ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കാൻ ആൻഡ്രോയ്ഡ് ഫോൺ ഉപയോക്താക്കളുടെ മേൽ സമ്മർദം ചെലുത്തുകയും സമാന്തര ആപ്പുകൾ തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതിന് യൂറോപ്യൻ യൂണിയൻ 31,000 കോടി രൂപ നേരത്തെ ഗൂഗ്ളിന് പിഴ വിധിച്ചിരുന്നു.
ദക്ഷിണ കൊറിയ കഴിഞ്ഞ വർഷം 1303 കോടി രൂപയാണ് ഗൂഗ്ളിന് പിഴ ചുമത്തിയത്. സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി. ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷൻ ദുഷ്കരമാക്കി വച്ചതിന് ഫ്രാൻസിൽ 1265 കോടി രൂപ പിഴ വിധിച്ചു. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കമ്പനിയ്‌ക്കെതിരെ വിവിധ കേസുകള്‍ നടക്കുന്നുണ്ട്.
ഇന്ത്യയില്‍ ഗൂഗ്ള്‍ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണിത്. എന്നാല്‍, യൂറോപ്യന്‍ യൂനിയന്‍ തങ്ങള്‍ക്കെതിരെ കണ്ടെത്തിയ കുറ്റാരോപണങ്ങള്‍ സി.സി.ഐ അതേപടി പകർത്തുകയാണെന്നായിരുന്നു ഗൂഗ്ള്‍ ആരോപണം. തുടര്‍ന്നാണ് ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആല്‍ഫബറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.