വെറും നാല് മിനിറ്റ് പ്രതിഷേധം ‘കണ്ടതിന്’ പുറത്താക്കി; വെളിപ്പെടുത്തലുമായി ഗൂഗിൾ ജീവനക്കാരൻ
text_fieldsഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് കമ്പനിക്കെതിരെ ന്യൂയോർക് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയതിന് ഒമ്പത് ജീവനക്കാർ അറസ്റ്റ് ചെയ്യപ്പെട്ടതും, പിന്നലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 28 ജീവനക്കാരെ പിരിച്ചുവിട്ടതുമടക്കം ഗൂഗിളിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു.
എന്നാൽ, പ്രോജക്ട് നിംബസ് എന്ന പേരിൽ ഇസ്രായേലുമായുള്ള ക്ലൗഡ് കംപ്യൂട്ടിങ് കരാറിനെതിരെ പ്രതിഷേധിച്ച ജീവനക്കരെ മാത്രമല്ല ഗൂഗിൾ പിരിച്ചുവിട്ടത്. പ്രതിഷേധം കണ്ടുകൊണ്ടിരുന്നവരെയും കമ്പനി പിരിച്ചുവിട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
പ്രതിഷേധം കണ്ടുകൊണ്ട് നിൽക്കുകയും പ്രതിഷേധക്കാരോട് "നാല് മിനിറ്റ്" സംസാരിക്കുകയും ചെയ്തതിനാണ് തന്നെ പുറത്താക്കിയതെന്ന് മുൻ ഗൂഗിൾ ജീവനക്കാരൻ ‘ദി വെർജ്’നോട് പറഞ്ഞു. മൂന്ന് വർഷമായി കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് വിചിത്രമായ വെളിപ്പെടുത്തലുമായി എത്തിയത്.
ഉച്ചഭക്ഷണ സമയത്ത് ഗൂഗിളിൻ്റെ ന്യൂയോർക്ക് ഓഫീസിൻ്റെ പത്താം നിലയിലായിരുന്നപ്പോഴാണ് താൻ ആ ദൃശ്യം കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത്, ഒരേ പോലുള്ള ടീ-ഷർട്ടുകൾ ധരിച്ച 20 ഓളം പേർ നിലത്തിരുന്ന് പ്രതിഷേധിക്കുന്നത് കണ്ടു. താൻ സമരക്കാർക്കൊപ്പം ചേർന്നിട്ടില്ലെന്നും ഫ്‌ളെയറുകൾ വിതരണം ചെയ്യുന്ന സഹപ്രവർത്തകരുമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാരൻ പറഞ്ഞു.
"ഞാൻ അവരുമായി ഏകദേശം നാല് മിനിറ്റ്നേരം സംസാരിച്ചുകാണും. ‘‘നിങ്ങൾ ഇപ്പോഴും ഇവിടെ ഇരിക്കുകയാണോ.. എങ്ങനെ പോകുന്നു’ എന്നൊക്കെ. അതിനുശേഷം, ജോലി കഴിഞ്ഞ് പോയി വൈകുന്നേരം ഗൂഗിളിൽ നിന്ന് എന്നെ പുറത്താക്കിയതായി അറിയിച്ച് ഒരു ഇമെയിൽ ലഭിച്ചു. - മുൻ ജീവനക്കാരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.