'ഡെൽറ്റ ഭീതി'; വർക്ക് ഫ്രം ഹോം നീട്ടി ഗൂഗ്ൾ, ഓഫീസിൽ പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം
text_fieldsകോവിഡ് മഹാമാരിയുടെ തുടക്കത്തിൽ തന്നെ ലോകവ്യാപകമായി തങ്ങളുടെ ജീവനക്കാർക്ക് ഗൂഗ്ൾ 'വർക് ഫ്രം ഹോം' എർപ്പെടുത്തിയിരുന്നു. എന്നാൽ, കോവിഡ് മൂന്നാം തരംഗത്തിെൻറ ഭീതി നിലനിൽക്കവേ, ഇപ്പോൾ വർക് ഫ്രം ഹോം പദ്ധതി നീട്ടിയിരിക്കുകയാണ് ഗൂഗ്ൾ.
സി.ഇ.ഒ സുന്ദർ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 18 വരെ ആഗോളതലത്തിൽ തങ്ങളുടെ വർക് ഫ്രം ഹോം പോളിസി നീട്ടുകയാണെന്ന് അദ്ദേഹം ജീവനക്കാർക്ക് ഇ-മെയിൽ മുഖേന അയച്ച മെമ്മോയിൽ പറഞ്ഞു. ഗൂഗ്ൾ ജീവനക്കാരിൽ പലരുടെയും ചുറ്റുപാടുകളിൽ ഡെൽറ്റ വകഭേദം കാരണമുള്ള കോവിഡ് കേസുകൾ വർധിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർക്ക് ഫ്രം ഹോം വർഷാവസാനം വരെ നീട്ടാനായി അപേക്ഷിക്കാൻ പ്രത്യേക സാഹചര്യങ്ങളുള്ള ജീവനക്കാരെ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അത്യാവശ്യക്കാർക്ക് ശമ്പളമടക്കമുള്ള മെഡിക്കൽ ലീവ് നീട്ടിക്കൊടുക്കുകയാണെന്നും പിച്ചൈ വ്യക്തമാക്കി.
അതോടൊപ്പം ഗൂഗ്ൾ ക്യാമ്പസിൽ വന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായും കോവിഡ് വാക്സിനെടുത്തിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. തുടക്കത്തിൽ അമേരിക്കയിലെ ഗൂഗ്ൾ ക്യാമ്പസുകളിൽ മാത്രമാണ് ഇൗ നയം നടപ്പിലാക്കുന്നത്. അമേരിക്കയിൽ വാക്സിൻ വ്യാപകമായി ലഭ്യമാകുന്ന സാഹചര്യത്തിലാണിത്. പ്രാദേശികമായ സാഹചര്യങ്ങളും നിയന്ത്രണങ്ങളും അടിസ്ഥാനമാക്കി ഇൗ നയം നടപ്പാക്കുന്നത് വ്യത്യാസപ്പെടുമെന്ന് സുന്ദർ പിച്ചൈ അറിയിച്ചു. ആരോഗ്യപരവും മെഡിക്കൽ കാരണങ്ങൾ കൊണ്ടും പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ കഴിയാത്തവർക്കും ഇളവുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.