ഉപയോക്താക്കൾ വിസമ്മതിച്ചിട്ടും ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ‘ചോർത്തി’; ഗൂഗ്ളിനെതിരെ നിയമനടപടി വന്നേക്കും
text_fieldsഉപയോക്താക്കളുടെ സമ്മതമില്ലാതെ ആൻഡ്രോയിഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി ഗൂഗ്ളിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗ്ൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ഗൂഗ്ളിന്റെ വാദത്തെ തള്ളിയ കോടതി, ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
സ്വകാര്യമായി ഇന്റർനെറ്റിൽ തിരയുന്ന വിവരങ്ങളെല്ലാം ഗൂഗ്ൾ ശേഖരിക്കുന്നത് ശരിയല്ലെന്ന് വലിയൊരു വിഭാഗം ഉപയോക്താക്കൾ കരുതുന്നു. ഡേറ്റ വാണിജ്യ താൽപര്യത്തിനായി ഉപയോഗിക്കപ്പെടുമെന്നും പലപ്പോഴും തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. ഇത്തരം കാര്യങ്ങൾ ആശങ്കാ ജനകമാണെന്നും സ്വകാര്യതാ നയം പരിശോധിക്കാൻ ഗൂഗ്ൾ തയാറാകണമെന്നും കോടതി നിർദേശിച്ചു. അതേസമയം തങ്ങൾക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഗൂഗ്ളിന്റെ പക്ഷം. ആപ്പുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടിസ്ഥാന ഡേറ്റകൾ മാത്രമാണ് ശേഖരിക്കുന്നത്. ഇത് ഒരിക്കലും സ്വകാര്യതയെ ലംഘിക്കുന്നില്ല. കോടതിയിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കുമെന്നും ഗൂഗ്ൾ വ്യക്തമാക്കി.
2020 ജൂലൈ മുതൽ നടന്നുവരുന്ന കേസിലാണ് കോടതി ഗൂഗ്ളിനെ വിമർശിച്ച് രംഗത്തുവന്നത്. ക്രോം ബ്രൗസറിലൂടെ ഗൂഗ്ൾ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് സ്വകാര്യത ലംഘനമാണെന്നായിരുന്നു കേസ്. കേസിന്റെ വാദത്തിനിടെ ‘ഇൻകോഗ്നിറ്റോ’ മോഡിൽ ഉപയോഗിക്കുമ്പോൾ പോലും ഡേറ്റ ശേഖരിക്കാറുണ്ടെന്ന് ഗൂഗ്ൾ സമ്മതിച്ചിരുന്നു. നഷ്ടപരിഹാരമായി അഞ്ച് ബില്യൻ ഡോളർ നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. കേസ് വീണ്ടും ആഗസ്റ്റിൽ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.