ഇത്തവണ ഗൂഗിൾ സെർച്ച് വീഴും..? ചാറ്റ്ജിപിടിയെ കൂട്ടുപിടിച്ച് മൈക്രോസോഫ്റ്റ്
text_fieldsയൂസർമാരുടെ എണ്ണം നോക്കിയാൽ മൈക്രോസോഫ്റ്റ് സെർച്ച് എഞ്ചിനായ ബിങ്, ഗൂഗിൾ സെർച്ചിന് പറ്റിയ എതിരാളിയാണെന്ന് പോലും പറയാനാകില്ല. ലോകമെമ്പാടുമായി ഗൂഗിൾ അത്രയേറെ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ഗൂഗിളിനോട് മത്സരിക്കാനായി അവർ ബിങ്ങിൽ നിരവധി ആകർഷകമായ ഫീച്ചറുകളും അവതരിപ്പിച്ചു. എന്നാൽ, സെർച്ച് എഞ്ചിൻ ലോകം അപ്പോഴേക്കും ഗൂഗിൾ കീഴടക്കിയിരുന്നു.
അതേസമയം, ഇത്തവണ മൈക്രോസോഫ്റ്റ് രണ്ടും കൽപ്പിച്ചുള്ള നീക്കത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ഇതിനകം വൻ തോതിൽ ജനപ്രീതി നേടിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടിയെ (ChatGPT) ആണ് മൈക്രോസോഫ്റ്റ് പുതുതായി കൂട്ടുപിടിച്ചിരിക്കുന്നത്. പൈത്തൺ കോഡുകൾ മുതൽ ഉപന്യാസങ്ങൾ വരെ നിമിഷനേരം കൊണ്ട് എഴുതിത്തരുന്ന ചാറ്റ്ജിപിടി, ഇപ്പോൾ ടെക് ലോകത്ത് ഒരേസമയം അമ്പരപ്പും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. സ്വാഭാവിക ഭാഷ മനസിലാക്കിക്കൊണ്ട് മനുഷ്യനെ പോലെ പ്രതികരിക്കാനുള്ള കഴിവാണ് ഇതിനെ ഗൂഗിളുമായി വേറിട്ടുനിർത്തുന്നത്.
തങ്ങളുടെ സെർച്ച് എഞ്ചിനായ ബിങ്ങുമായി ചാറ്റ്ജിപിടി സാങ്കേതികവിദ്യ സംയോജിപ്പിക്കാൻ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഒരു പക്ഷെ ഗൂഗിളിന് തങ്ങളുടെ പ്രധാന എതിരാളികളിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ആയേക്കുമിത്. കാരണം, ഗൂഗിളിന് കഴിയാത്തത് പലതും യൂസർമാർക്ക് ചാറ്റ്ജിപിടി ചെയ്തുകൊടുക്കുന്നുണ്ട്. 2022 നവംബറിലായിരുന്നു ചാറ്റ്ജിപിടിയുടെ ബീറ്റാ വേർഷൻ പുറത്തിറക്കിയത്.
ബിങ് സെർച്ചിന് പുറമേ, എംഎസ് വേഡ്, എംഎസ് പവർപോയിന്റ്, എംഎസ് എക്സൽ തുടങ്ങിയ എംഎസ് ഓഫീസ് ടൂളുകൾ മെച്ചപ്പെടുത്താനും ഇതേ സാങ്കേതികവിദ്യ മൈക്രോസോഫ്റ്റ് ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എം.എസ് ഓഫീസ് ടൂളുകളിൽ ചാറ്റ്ജപിടി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ലളിതമായ നിർദ്ദേശങ്ങൾ മാത്രം നൽകിക്കൊണ്ട് ലേഖനങ്ങൾ എഴുതുന്നതിനും ഇമെയിലുകളും മറ്റ് ടെക്സ്റ്റ് ഫോർമാറ്റുകളും സൃഷ്ടിക്കുന്നതിനും അവ വലിയ സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചാറ്റ്ജിപിടിയിൽ 10 ബില്യൺ ഡോളർ നിക്ഷേപം നടത്താൻ മൈക്രോസോഫ്റ്റ് ഒരുങ്ങുകയാണ്. ഓപ്പൺഎഐയിൽ നേരത്തെ തന്നെ ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് നടത്തിയിരുന്നു. മറ്റ് ചില കമ്പനികളും ഓപ്പൺഎഐയിൽ നിക്ഷേപം നടത്താൻ മുന്നോട്ട് വന്നിട്ടുണ്ട്.
2015- ൽ ലോകകോടീശ്വരൻ ഇലോൺ മസ്കും ഓപ്പൺഎഐ സി.ഇ.ഒ ആയ സാം ഓൾട്ട്മാനും മറ്റ് നിക്ഷേപകരും സംയുക്തമായാണ് ഓപ്പൺഎഐ സ്ഥാപിച്ചത്. എന്നാൽ, ചില 2018- ൽ മസ്ക് ബോർഡ് സ്ഥാനത്തിൽ നിന്നും രാജിവെച്ചു. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.