ഗൂഗിൾ വഴികൾ തെറ്റാം, കാരണമിതാണ്
text_fieldsതിരുവനന്തപുരം: തിരക്ക് കുറവുള്ള വഴികൾ ആദ്യം നിർദേശിക്കുന്ന ഗൂഗിൾ മാപ്പിന്‍റെ അൽഗോരിതം വഴിതെറ്റിക്കാമെന്നും ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തണമെന്നും മോട്ടോർ വാഹനവകുപ്പ്. ട്രാഫിക് കുറവുള്ള റോഡുകളെയാണ് മാപ്പിന്‍റെ അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി ആദ്യം കാട്ടിത്തരിക. എന്നാൽ, തിരക്ക് കുറവുള്ള റോഡുകൾ എപ്പോഴും സുരക്ഷിതമാകണമെന്നില്ല. തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമസഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞ നിരത്തുകളിലും സാധാരണ തിരക്കുണ്ടാകില്ല.
എന്നാൽ, ഇത് തിരിച്ചറിയാതെ ഗൂഗിളിന്‍റെ അൽഗോരിതം വേഗമേറിയ വഴിയായി ഇവ നിർദേശിക്കും. ഇതാകട്ടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കില്ല. മാത്രമല്ല പലപ്പോഴും ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ട് രാത്രികാലങ്ങളിൽ ഊരാക്കുടുക്കിലും പെടാം.
അപകടസാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും അപരിചിതമായ വിജനമായ റോഡുകൾ ഒഴിവാക്കുന്നതാണ് സുരക്ഷിതം. സിഗ്നൽ നഷ്ടപ്പെടാൻ സാധ്യതയുള്ള റൂട്ടുകളിൽ ആദ്യമേ റൂട്ട് ഡൗൺലോഡ് ചെയ്തിടുന്നതും നല്ലതാണെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.