പുതിയ ഐ.ടി നിയമം പാലിക്കാൻ ശ്രമിക്കാമെന്ന് ഗൂഗ്ളും യൂട്യൂബും
text_fieldsന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പിൽവന്ന പുതിയ ഐ.ടി നിയമം പാലിക്കാൻ ശ്രമിക്കുമെന്ന് ഗൂഗ്ളും യൂട്യൂബും. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത് സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ് കമ്പനിയുടെതെന്നും ഇനിയും അത് തുടരുമെന്നും യൂട്യൂബ് കൂടി ഭാഗമായ ഗൂഗ്ൾ വ്യക്തമാക്കി.
''ഇന്ത്യയുടെ നിയമനിർമാണ പ്രക്രിയയെ ആദരിക്കുന്നു. സർക്കാർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഉള്ളടക്കം ഒഴിവാക്കുന്നതാണ് നീണ്ട കാലമായി പാരമ്പര്യം. നിയമവിരുദ്ധ ഉള്ളടക്കം കയറിവരാതിരിക്കാൻ വിഭവങ്ങളായും ഉൽപന്നങ്ങളിലെ മാറ്റങ്ങളായും ഉദ്യോഗ്സഥരായും വലിയ നിക്ഷേപം തന്നെ നടത്തിയിട്ടുണ്ട്. ഇനിയും നിലവിലുള്ള സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും''- പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി.
ഗൂഗ്ൾ അനുകൂലമായി പ്രതികരിച്ചെങ്കിലും സമൂഹ മാധ്യമ ഭീമന്മാരായ േഫസ്ബുക്കും ട്വിറ്ററും ഉൾപെടെ വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നടപടി സ്വീകരിക്കാത്ത പക്ഷം ഇവർക്കെതിരെ ശിക്ഷാനിയമ പ്രകാരം കടുത്ത പ്രതികരണമുണ്ടാകുമെന്ന് നേരത്തെ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
സർക്കാർ ചൂണ്ടിക്കാട്ടുന്ന ഉള്ളടക്കങ്ങൾ 36 മണിക്കുറിനകം കളയണമെന്നും നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ ഇന്ത്യയിൽ വെക്കണമെന്നുമാണ് നിയമത്തിലെ പ്രധാന നിർദേശങ്ങൾ. ഇവയുൾപെടെ പലതും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി വിമർശിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.