ഇത്തവണ ചാറ്റ് ജിപിടിയെ വെല്ലും; ‘ഗൂഗിൾ ജെമിനി’-യെ കുറിച്ചറിയാം....
text_fieldsനിർമിതബുദ്ധി ലോകം സൈബർ ലോകം കൈയടക്കിയശേഷം ചാറ്റ് ബോട്ടുകളാണ് താരങ്ങൾ. അക്കൂട്ടത്തിൽതന്നെ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടിയാണ് ജനകീയത കൈവരിച്ചിട്ടുള്ളത്. ഉപയോക്താക്കൾക്ക് എന്തും ചോദിക്കാനുള്ള ഒരു മാധ്യമമായി ചാറ്റ് ജിപിടി മാറിയിട്ട് മാസങ്ങളായി. ഈ മേഖലയിലെ ഓപൺ എ.ഐയുടെ കുത്തക അവസാനിപ്പിച്ച് നിയന്ത്രണം പിടിച്ചെടുക്കാനാണ് ഗൂഗ്ൾ ‘ബാർഡ്’ എന്ന പുതിയ ചാറ്റ് ബോട്ടുമായി രംഗത്തെത്തിയത്.
പക്ഷേ, ബോട്ടിന് കാര്യമായ സ്വീകാര്യത കൈവന്നില്ല. ഇപ്പോഴിതാ, ‘ബാർഡി’ന്റെ പേരുമാറ്റി പുതിയ സവിശേഷതകളുമായി വീണ്ടും ഗൂഗ്ൾ എത്തിയിരിക്കുകയാണ്. ‘ജെമിനി’ എന്ന പേരിലാണ് റീ ബ്രാൻഡ് ചെയ്തിരിക്കുന്നത്. ബോട്ടിന്റെ ലോഞ്ചിങ് കഴിഞ്ഞദിവസം നടന്നു. വെള്ളിയാഴ്ച മുതൽ ഇംഗ്ലീഷ് ഭാഷയിലുള്ള ജെമിനി 150 രാജ്യങ്ങളിൽ ലഭ്യമാകും. 40 ഭാഷകൾ കൈകാര്യം ചെയ്യാൻ ജെമിനിക്കാവും. ജെമിനിയുടെ പ്രത്യേക ആൻഡ്രോയ്ഡ് ആപ്പും ഐ.ഒ.എസ് ആപ്പും ഗൂഗ്ൾ ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
ടെക്സ്റ്റ്, ഓഡിയോ, വിഡിയോ എന്നീ മൂന്ന് ഫോർമാറ്റുകളിലും ജെമിനിയിൽ ഇൻപുട്ട് ആയി നൽകാം. ഉദാഹരണത്തിന് ഒരു വാഹനത്തിന്റെ വിഡിയോ ചിത്രം കാണിച്ച് ആവശ്യമായ നിർദേശങ്ങൾ ചോദിക്കാം.
ചിത്രങ്ങൾ കാണിച്ച് വിശദീകരണങ്ങൾ ആരായാം. അതോടൊപ്പം, കൂടുതൽ വിശകലനശേഷിയുള്ളതും കൃത്യമായി നിർദേശങ്ങൾ പിന്തുടരുന്നതും കോഡിങ് കൂടുതൽ ക്ഷമതയോടെ നിർവഹിക്കുന്നതുമെല്ലാം ജെമിനിയുടെ സവിശേഷതയാണ്. ജെമിനി അഡ്വാൻസ്ഡ് മോഡൽ എന്ന പേരിൽ കൂടുതൽ സവിശേഷതകളോടെ മറ്റൊരു പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.
19 ഡോളറാണ് പ്രതിമാസ ചാർജ്. രണ്ടുമാസം സൗജന്യ ട്രയൽ അനുവദിച്ചിട്ടുണ്ട്. ജെമിനിയുടെ വരവ് ചാറ്റ് ജിപിടിയെ കൂടുതൽ മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.