ചെലവ് ചുരുക്കൽ: ജീവനക്കാർക്കുള്ള ‘സൗജന്യ ലഘുഭക്ഷണം’ നിർത്തി ഗൂഗിൾ; ഇനി ഫ്രീ ലാപ്ടോപ്പുമില്ല
text_fieldsഏറ്റവും മികച്ച തൊഴിലിടമായി അംഗീകരിക്കപ്പെട്ടിട്ടുള്ള കമ്പനിയാണ് ഗൂഗിൾ. ജീവനക്കാർക്ക് അമേരിക്കൻ ടെക് ഭീമൻ നൽകിവരുന്ന സൗകര്യങ്ങൾ ആരെയും കൊതിപ്പിക്കുന്നതാണ്. ഗൂഗിളിന്റെ ഓഫീസിനുള്ളിൽ മസാജ് സൗകര്യങ്ങളും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മനോഹരമായ പാർക്കുകളും ഉദ്യാനങ്ങളും ജിംനേഷ്യവും മാനസികോല്ലാസത്തിനായി പലതരം ഗെയിമുകൾ വരെയുണ്ട്.
എന്നാൽ, ഇപ്പോൾ നേരിടുന്ന സാമ്പത്തിക ഞെരുക്കം ഗൂഗിളിനെയും മാറ്റിച്ചിന്തിപ്പിക്കുകയാണ്. ജീവനക്കാർക്ക് നൽകിവരുന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയാണ് സെർച്ച് എൻജിൻ ഭീമൻ. കമ്പനിക്ക് ചെലവേറിയ ചില ആനുകൂല്യങ്ങൾ ഗൂഗിൾ വെട്ടിക്കുറക്കാൻ പോകുന്ന കാര്യം ബിസിനസ് ഇൻസൈഡറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജീവനക്കാർക്ക് ഗൂഗിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പോരാറ്റ് അയച്ച മെമ്മോയിലെ വിവരങ്ങളാണ് ഇൻസൈഡർ പുറത്തുവിട്ടത്.
റിപ്പോർട്ട് അനുസരിച്ച് ലഘുഭക്ഷണങ്ങൾക്കായി ഓഫീസിൽ തുറന്ന മൈക്രോ കിച്ചണുകൾ ഗൂഗിൾ വ്യാപകമായി പൂട്ടാൻ പോവുകയാണ്. ജീവനക്കാർക്ക് ധാന്യങ്ങൾ, എസ്‌പ്രെസോ, സെൽറ്റ്‌സർ വാട്ടർ എന്നിവ പോലുള്ള ലഘുഭക്ഷണങ്ങൾ സൗജന്യമായി നൽകുന്ന സംവിധാനമാണ് മൈക്രോ കിച്ചണുകൾ.
കൂടാതെ കമ്പനി ലഞ്ച്, അലക്കു സേവനങ്ങൾ, മസാജ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ടെക് ഭീമൻ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. കൂടാതെ, ചെലവ് ലാഭിക്കുന്നതിനായി ഗൂഗിൾ അതിന്റെ നിയമന പ്രക്രിയയും മന്ദഗതിയിലാക്കാൻ പോവുകയാണ്. ലാപ്‌ടോപ്പുകൾ പോലുള്ള വ്യക്തിഗത ഉപകരണങ്ങൾക്കായി പണം ചെലവഴിക്കുന്നത് നിർത്തുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
ഉയർന്ന മുൻഗണനയുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗൂഗിൾ അതിന്റെ ഫണ്ടുകൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കേണ്ടതുണ്ടെന്ന് റൂത്ത് പോരാറ്റ് പറഞ്ഞു. ഓഫീസ് ലൊക്കേഷൻ ആവശ്യങ്ങളും ഓരോ ഓഫീസ് സ്‌പെയ്‌സിലെ ആവശ്യകതകളും ട്രെൻഡുകളും അടിസ്ഥാനമാക്കി ആനുകൂല്യങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ വ്യത്യാസപ്പെടുമെന്നും പോരാറ്റ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.