1.4 ലക്ഷം മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം; ഇതാണ് കാരണം..!
text_fieldsഒരു കോൾ വരുന്നു...
‘‘സർ താങ്കളുടെ എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്, ഇനി പണം പിൻവലിക്കണമെങ്കിൽ നമ്മൾ പറയുന്ന കാര്യങ്ങൾ ചെയ്ത് കാർഡ് അൺബ്ലോക്ക് ചെയ്യാം. നിങ്ങളുടെ ഫോണിൽ വന്നിരിക്കുന്ന ഒ.ടി.പി പറയാമോ...?’’
ഇതുപോലുള്ള കോളുകൾ ഇപ്പോൾ വ്യാപകമായി പലരുടേയും നമ്പറുകളിൽ വരുന്നുണ്ട്. ഇതേ സന്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ടെക്സ്റ്റ് മെസ്സേജുകൾ ലഭിക്കുന്നവരും ഒരുപാടുണ്ട്. ഇതൊക്കെ കണ്ട് ഒ.ടി.പിയും എ.ടി.എം കാർഡ് നമ്പറുമൊക്കെ നൽകിയവർക്ക് അക്കൗണ്ടിലുള്ള മുഴുവൻ പണവും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പ്രാഥമിക നടപടിയെന്ന നിലയിൽ അത്തരം സൈബർ ക്രിമിനലുകളുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള നടപടിയെന്ന നിലയിൽ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഏകദേശം 1.4 ലക്ഷം മൊബൈൽ നമ്പറുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചതായി ധനകാര്യ സേവന സെക്രട്ടറി വിവേക് ജോഷിയാണ് അറിയിച്ചിരിക്കുന്നത്. ‘സാമ്പത്തിക മേഖലയിലെ സൈബർ സുരക്ഷ’യെക്കുറിച്ച് വിവേക് ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വിച്ഛേദിക്കപ്പെട്ട മൊബൈല്‍ കണക്ഷനുകളുമായി ബന്ധിപ്പിച്ചതോ സൈബര്‍ കുറ്റകൃത്യങ്ങളിലോ സാമ്പത്തിക തട്ടിപ്പുകളിലോ ദുരുപയോഗം ചെയ്തതോ ആയ 1.4 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബള്‍ക്ക് എസ്.എം.എസുകള്‍ അയയ്ക്കുന്ന 35 ലക്ഷം പ്രിന്‍സിപ്പല്‍ എന്റിറ്റികളെ വിശകലനം ചെയ്തെന്നും, അതില്‍, മറ്റുള്ളവര്‍ക്ക് ദോഷകരമാകുന്ന എസ്.എം.എസുകള്‍ അയയ്ക്കുന്ന 19,776 പ്രിന്‍സിപ്പല്‍ എന്റിറ്റികളെ ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും യോഗത്തിൽ അറിയിച്ചു.
ഇതുവരെ, 500 ലധികം അറസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. 2023 ഏപ്രില്‍ മുതല്‍ 3.08 ലക്ഷം സിമ്മുകളും ബ്ലോക്കുചെയ്യപ്പെട്ടു. ഏകദേശം 50,000 ഐ.എം.ഇ.ഐ നമ്പറുകൾ തടഞ്ഞു, 2023 ഏപ്രില്‍ മുതല്‍ 592 വ്യാജ ലിങ്കുകള്‍ ബ്ലോക്ക് ചെയ്തു. 2194 യു.ആർ.എല്ലും നിരോധിച്ചിട്ടുണ്ട്.
അതുപോലെ, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വിവിധ സേവനങ്ങൾക്കായി പൊതുവേയുള്ള 10 അക്ക നമ്പറുകളുടെ ഉപയോഗം പതിയെ നിര്‍ത്തണമെന്നും ട്രായ് നിര്‍ദ്ദേശിച്ചതനുസരിച്ച് വാണിജ്യാവശ്യങ്ങൾക്കോ - പ്രമോഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ '140xxx' പോലുള്ള നിര്‍ദ്ദിഷ്ട നമ്പര്‍ ശ്രേണികള്‍ ഉപയോഗിക്കണമെന്നും യോഗത്തിൽ പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.