ആഗസ്ത് 15-മുതൽ രാജ്യത്ത് 5ജി സേവനം ലഭ്യമാക്കണം; ലേലം വേഗത്തിലാക്കാൻ ട്രായിയോട് കേന്ദ്രം
text_fieldsന്യൂഡൽഹി: 5ജി ഫോണുകൾ രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കവേ അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാനായി 5ജി സേവനത്തിന് കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഈ വർഷം ആഗസ്തിൽ തന്നെ 5ജി എത്തിയേക്കും. രാജ്യത്ത് 5ജി സേവനങ്ങൾക്കുള്ള ലേലം വേഗത്തിലാക്കാൻ ട്രായിക്ക് (TRAI) കേന്ദ്ര ടെലികോം മന്ത്രാലയം നിർദേശം നൽകിക്കഴിഞ്ഞു.
മാർച്ചിനോടകം ലേല നടപടികൾ തുടങ്ങാൻ കേന്ദ്ര സർക്കാർ ട്രായിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് 5ജി സേവനങ്ങൾ തുടങ്ങാൻ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും കത്തിൽ പറയുന്നു.
"മാർച്ചോടെ ശുപാർശകൾ അയയ്ക്കുമെന്ന് ട്രായ് സൂചിപ്പിച്ചിട്ടുണ്ട്. അതിനുശേഷം, ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഞങ്ങൾക്ക് ഒരു മാസമെടുക്കും," -ടെലികോം സെക്രട്ടറി കെ. രാജാരാമൻ പറഞ്ഞു.
ലേലത്തിനുള്ള 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളിലെ സ്‌പെക്ട്രത്തെ കുറിച്ചുള്ള വിവരങ്ങളും ടെലികോം വകുപ്പ് ട്രായിക്ക് നൽകിയിട്ടുണ്ട്. ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയുള്‍പ്പെടെ ആറ് എല്‍എസ്എകളില്‍ (ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ) വ്യാപിച്ചുകിടക്കുന്ന ചില സ്ഥലങ്ങളിൽ സർക്കാർ ഉപയോഗത്തിനായി 900 മെഗാഹെർട്സ് നീക്കിവെച്ചിട്ടുണ്ടെന്നും ട്രായ് അറിയിച്ചു.
ഒഡീഷ, കേരളം, മുംബൈ, ഹരിയാന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ച് എല്‍.എസ്.എ-കളിലെ നിശ്ചിത 900 മെഗാഹെര്‍ട്‌സ് ബാന്‍ഡ് സ്‌പെക്ട്രം കേന്ദ്രം ഉപേക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.