ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ‘ഹൈ റിസ്ക്’ മുന്നറിയിപ്പുമായി കേന്ദ്രം
text_fieldsആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിലെ (CERT-IN) വിദഗ്ധർ. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഒന്നിലധികം കേടുപാടുകൾ കണ്ടെത്തിയതായി അവർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആൻഡ്രോയ്ഡ് 11, 12,12L, 13, ഏറ്റവും പുതിയ 14 പതിപ്പിനെ അടക്കം പുതിയ വൾനറബിലിറ്റി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
CERT-IN പുറത്തുവിട്ട റിപ്പോർട്ടിൽ അഞ്ചോളം ആൻഡ്രോയ്ഡ് ഒ.എസ് പതിപ്പുകൾ ഉള്ളതിനാൽ നിരവധി ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ സുരക്ഷാ പ്രശ്നം ബാധിച്ചിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി പറയുന്നത് അനുസരിച്ച്, സുരക്ഷാ വീഴ്ചകൾ ഉപയോഗപ്പെടുത്തി സൈബർ കുറ്റവാളികൾക്ക് നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കാൻ കഴിഞ്ഞേക്കും. ലക്ഷ്യമിടുന്ന സ്മാർട്ട്ഫോണുകളിൽ നിന്ന് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളും ഫയലുകളും മറ്റും നേടിയെടുക്കാൻ പോലും കഴിയുമെന്നും സി.ഇ.ആർ.ടി ഊന്നിപ്പറയുന്നു.
“ഫ്രെയിം വർക്ക്, സിസ്റ്റം, ഗൂഗിൾ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകൾ, കേർണൽ എൽടിഎസ്, ആം ഘടകങ്ങൾ, മീഡിയടെക് ഘടകങ്ങൾ, ക്വാൽകോം ഘടകങ്ങൾ, ക്വാൽകോം ക്ലോസ്ഡ് സോഴ്‌സ് ഘടകങ്ങൾ എന്നിവയിലെ പിഴവുകൾ കാരണമാണ് ഈ കേടുപാടുകൾ Android-ൽ നിലനിൽക്കുന്നതെന്ന് ” CERT-IN അറിയിച്ചിട്ടുണ്ട്.
ഉയർന്ന അപകടസാധ്യതയുള്ള ഈ കേടുപാടുകൾ ഗൂഗിളും അംഗീകരിച്ചിട്ടുണ്ട്. ഗൂഗിൾ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ആൻഡ്രോയിഡ് സെക്യൂരിറ്റി ബുള്ളറ്റിനിൽ, സുരക്ഷാ തകരാറുകൾ ആൻഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുന്നതായി പരാമർശിക്കുന്നുണ്ട്. എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുമായി അവർ സുരക്ഷാ അപ്‌ഡേറ്റുകളും പുറത്തിറക്കുന്നുണ്ട്. എത്രയും പെട്ടന്ന് നിങ്ങളുടെ ഫോണിന് ലഭിച്ചിരിക്കുന്ന സോഫ്റ്റ് വെയർ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുകയെന്നതാണ് സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള ഏക പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.