ഇന്ത്യയിൽ വെച്ച് ചിപ് നിർമിക്കാമോ..; 7300 കോടി രൂപ തരാമെന്ന് സർക്കാർ
text_fieldsചിപ്പുകൾ അഥവാ സെമി കണ്ടക്ടറുകൾക്ക് ആഗോള തലത്തിൽ വലിയ ക്ഷാമം നേരിടുകയാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ചിപ് നിർമാണ ഫാക്ടറികൾ സ്ഥാപിക്കാൻ മുന്നോട്ടുവരുന്ന ഓരോ കമ്പനികൾക്കും ഒരു ബില്യൺ ഡോളർ (7300 കോടിയിലധികം രൂപ) പണമായി നൽകുമെന്നാണ് വാഗ്ദാനം. ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ അസംബ്ലി വ്യവസായം വിപുലീകരിക്കാനും ഇലക്ട്രോണിക്സ് വിതരണ ശൃംഖല ശക്തിപ്പെടുത്താനുമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്.
കാറുകളിലും, കംപ്യൂട്ടർ, മൊബൈല്‍ ഫോണ്‍, ഗെയിമിങ് കണ്‍സോള്‍ തുടങ്ങി സകല ഇലക്ട്രോണിക് ഗാഡ്ജറ്റുകളിലും എന്തിന് മൈക്രോവേവ് അവനുകളിൽ പോലും അത്യാവശ്യമായ ഇലക്ട്രോണിക് ഭാഗങ്ങളാണ് സെമി കണ്ടക്ടറുകള്‍. ആഗോള തലത്തില്‍ വളരെ കുറച്ച് ചിപ്പ് നിര്‍മാണ കമ്പനികള്‍ മാത്രമാണുള്ളത്. ഇന്നുള്ള പല വ്യവസായ സംരംഭങ്ങളും നിലനില്‍ക്കുന്നത് അവരെ ആശ്രയിച്ചാണ്.
നിലവിലുള്ള ചിപ്പ് ക്ഷാമത്തിനിടയിൽ, ചിപ് നിർമാണ ഭീമന്മാരായ ക്വാൽകോം, മീഡിയടെക് എന്നിവർ അവരുടെ ഉത്പാദന പ്ലാന്‍റുകൾ ഇന്ത്യയിൽ സ്ഥാപിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ''ചിപ് നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്ന ഓരോ കമ്പനിക്കും സർക്കാർ പ്രോത്സാഹനമായി ഒരു ബില്യൺ ഡോളർ നൽകും. അതോടൊപ്പം സർക്കാർ ഒരു ഉപഭോക്താവായിരിക്കുമെന്നും കമ്പനികൾ പ്രാദേശികമായി നിർമിച്ച ചിപ്പുകൾ തന്നെ വാങ്ങണമെന്ന ചട്ടം നിലവിൽ കൊണ്ടുവരുമെന്ന് ഉറപ്പുനൽകുമെന്നും'' അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ചൈനയുമായി മത്സരിക്കാനാണ് ഇന്ത്യയുടെ പുതിയ ഒരു ബില്യൺ ഡോളർ സംരംഭത്തിന്‍റെ ലക്ഷ്യമെന്നാണ് സൂചന. നിലവിൽ ഒരു ചിപ്പ് നിർമ്മാതാക്കളും ഈ സംരംഭത്തിൽ താൽപര്യം കാണിച്ചിട്ടില്ലെന്നും സർക്കാർ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മാത്രമല്ല, ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരിൽ നിന്ന് ഒൗദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
കോവിഡ് 19 വൈറസ് വ്യാപനം ശക്തിപ്പെട്ടതോടെയാണ് സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ആരംഭിച്ചത്. മഹാമാരിക്ക് പിന്നാലെ ചിപ്പുകളുടെ ഡിമാന്‍റ് ഗണ്യമായി ഉയരുകയും നിർമാണം അതിനൊത്ത് ഉയരാതെ പോവുകയും ചെയ്യുകയായിരുന്നു. അതിന് പിന്നാലെ, ആഗോള കാർ നിർമാതാക്കളായ ഫോർഡ്, നിസാൻ, ഫോക്സ്വാഗൻ, ഫിയറ്റ് എന്നിവർക്ക് നിർമാണം പോലും കുറക്കേണ്ടതായി വന്നു. കാർ നിർമാതാക്കൾ നൽകുന്നതിനേക്കാൾ വില നൽകി ചിപ്പുകൾ വാങ്ങാമെന്ന് ആപ്പിൾ പോലുള്ള ടെക് ഭീമൻമാർ അറിയിച്ചതും തിരിച്ചടിയായി ഭവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.