കരുത്തിൽ ആപ്പിൾ ചിപ്സെറ്റിനെ തോൽപ്പിച്ച് മീഡിയടെക് 'ഡൈമൻസിറ്റി 9200'
text_fieldsആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ രംഗത്തെ ചിപ്സെറ്റുകളുടെ കുത്തക ക്വാൽകോമും മീഡിയടെകുമാണ് കൈയ്യടിക്കിയിരിക്കുന്നത്. ഒരുകാലത്ത് അൽപ്പം പിറകിലായിരുന്ന മീഡിയടെക് ഇപ്പോൾ സ്മാർട്ട്ഫോൺ പ്രൊസസർ വിപണിയിലെ പ്രധാന താരമാണ്. ബജറ്റ് ഫോണുകൾ മുതൽ ഫ്ലാഗ്ഷിപ്പ് ശ്രേണിയിലുള്ള ഫോണുകൾക്ക് വരെ മീഡിയടെകിന്റെ ചിപ്സെറ്റുകളുണ്ട്.
അതേസമയം, മറുവശത്ത് ആപ്പിൾ, ഐഫോണുകൾക്കായി സ്വന്തമായി ചിപ്സെറ്റുകൾ നിർമിച്ചുവരികയാണ്. ഇത്തവണ ഐഫോൺ 14 പ്രോ സീരീസിനൊപ്പം എ16 ബയോണിക് ചിപ്സെറ്റ് അവർ ഉൾപ്പെടുത്തിയിരുന്നു. പുത്തൻ ഐഫോണുകൾക്കൊപ്പം വരുന്ന ബയോണിക് ചിപ്സെറ്റുകൾ കരുത്തിന്റെ കാര്യത്തിൽ പലപ്പോഴും ക്വാൽകോം സ്നാപ്ഡ്രാഗണിനെയും മീഡിയടെകിനെയും കടത്തിവെട്ടിയിട്ടുണ്ട്.
എന്നാൽ, ആദ്യമായി ആപ്പിൾ ചിപ്സെറ്റിനെ കടത്തിവെട്ടുന്ന പ്രകടനവുമായി ഒരു മീഡിയടെക് പ്രൊസസർ എത്താൻ പോവുകയാണ്. ഐ.ടി ഹോം പങ്കുവെച്ച ബെഞ്ച്മാർക്ക് ഫലങ്ങളിൽ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് പ്രൊസസറായ ഡൈമൻസിറ്റി 9200, ഗ്രാഫിക്സ് പ്രകടനത്തിൽ (ജി.പി.യു) എ16 ബയോണിക് ചിപ്സെറ്റിനെ കടത്തിവെട്ടി. നേരത്തെ ഇറങ്ങിയ മീഡിയടെക് ഡൈമൻസിറ്റി 9000+ നെ അപേക്ഷിച്ച് പുതിയ പ്രൊസസറിന്റെ GPU പ്രകടനത്തിൽ വൻ കുതിച്ചുചാട്ടമാണ് കാണിക്കുന്നത്.
ചോർന്ന GFXBench ഫലങ്ങൾ പ്രകാരം ഡൈമൻസിറ്റി 9200-ന് 1080p മാൻഹട്ടൻ 3.0 ബെഞ്ച്മാർക്ക് 328fps-ൽ റെൻഡർ ചെയ്യാൻ സാധിച്ചുവെന്നും മനാഹട്ടൻ 3.1 ടെസ്റ്റുകളിൽ 228fps സ്കോർ ചെയ്യാൻ കഴിഞ്ഞുവെന്നും സൂചിപ്പിക്കുന്നു. അതേസമയം, ആപ്പിളിന്റെ A16 ബയോണിക് ചിപ്പിന് യഥാക്രമം 280fps, 200fps എന്നിങ്ങനെയാണ് സ്കോർ ചെയ്യാൻ സാധിച്ചത്. ക്വാൽകോമിന്റെ മുൻനിര പ്രൊസസറായ സ്‌നാപ്ഡ്രാഗൺ 8+ Gen 1 യഥാക്രമം 281fps, 188fps എന്നീ സ്‌കോറുകളും നേടി.
ഹാർഡ്‌വെയർ റേട്രേസിംഗിനെ പിന്തുണയ്ക്കുന്ന പുതിയ ARM GPU (Immortalis-G715) ആണ് മീഡിയടെകിന് ഏറ്റവും മികച്ച ഗ്രാഫിക്സ് പ്രകടനം സമ്മാനിച്ചത്. ബെഞ്ച്മാർക് ഫലങ്ങൾ ആദ്യമായി ഓൺലൈനിൽ പോസ്റ്റ് ചെയ്തത് ഐസ് യൂണിവേഴ്‌സ് ട്വിറ്റർ ഹാൻഡിൽ ആണ്, ഒരു ഫോളോ-അപ്പ് ട്വീറ്റിൽ പ്രകടനം ക്വാൽകോമിന്റെ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ന് തുല്യമാണെന്നും ഐസ് യൂണിവേഴ്സ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.