ബിറ്റ്കോയിൻ തട്ടിപ്പിനായി റിയൽമിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് 'ടെസ്‌ല'യാക്കി; ചൂണ്ടയിട്ടത് മസ്കിെൻറ ട്വിറ്റർ ഫീഡിൽ
text_fieldsചുരുങ്ങിയ കാലം കൊണ്ട് ഞെട്ടിക്കും വിധമാണ് ബിറ്റ് കോയിൻ എന്ന ഡിജിറ്റൽ കറൻസിയുടെ വിനിമയ മൂല്യം ഉയർന്നത്. നിലവിൽ ഒരു ബിറ്റ്കോയിൻ വാങ്ങണമെങ്കിൽ 43.11 ലക്ഷം ഇന്ത്യൻ രൂപ നൽകേണ്ടിവരും. ബിറ്റ്കോയിൻ വളരുന്നതിനൊപ്പം അതിന് സമമായി ബിറ്റ്കോയിൻ തട്ടിപ്പുകളും സ്കാമുകളും പതിവാകുന്ന കാഴ്ച്ചയാണ്. മുൻ അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമയുടെതടക്കം നിരവധി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ബിറ്റ്കോയിൻ തട്ടിപ്പ് നടത്തിയതിന് ഒരു യുവാവ് പിടിയിലായ വാർത്ത ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. അത്തരമൊരു സംഭവം ആവർത്തിക്കാനുള്ള ശ്രമം നടന്നിരിക്കുകയാണ് കഴിഞ്ഞ ദിവസം.
പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് തട്ടിപ്പുകാർ അതിന് വേണ്ടി ഹാക്ക് ചെയ്തത്. @realmecareIN എന്ന യൂസർനെയിമിലുള്ള അക്കൗണ്ട് റിയൽമിയുടെ ഔദ്യോഗിക സപ്പോർട്ട് പേജാണ്. ട്വിറ്റർ വെരിവൈ ചെയ്ത പേജ് ആയതിനാൽ, 'ബ്ലൂ ടിക്കും' റിയൽമി ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലിനുണ്ടായിരുന്നു. ക്രിപ്റ്റോ കറൻസി തട്ടിപ്പിന് അത് ഗുണം ചെയ്യും എന്നുള്ളതിനാലാണ് സ്കാമർമാർ വെരിഫൈഡ് പേജുകൾ ഹാക്ക് ചെയ്ത് ഉപയോഗിക്കുന്നത്.
പേജ് ഹാക്ക് ചെയ്തതിന് പിന്നാലെ, റിയൽമി ഇന്ത്യയുടെ യൂസർ നെയിമും ചിത്രങ്ങളും മറ്റും നീക്കം ചെയ്ത് ഇലോൺ മസ്കിെൻറ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ അക്കൗണ്ടാക്കി മാറ്റുകയും ചെയ്തു. ശേഷം ഇലോൺ മസ്കിെൻറ ട്വിറ്റർ ഫീഡിൽ പോയി അദ്ദേഹമിട്ട ട്വീറ്റുകളുടെ താഴെ കമൻറുകളിട്ടാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. അതിസമ്പന്നരുടെ പട്ടികയിലെ മുൻനിരക്കാരൻ ഇലോൺ മസ്ക് ബിറ്റ്കോയിനിൽ നിക്ഷേപമിറക്കിയത് അതിെൻറ മൂല്യം ഗണ്യമായി ഉയരുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ക്രിപ്റ്റോ തട്ടിപ്പിനായി ടെസ്ലയെയും മസ്കിനെയും അവർ കരുവാക്കുകയായിരുന്നു.
realme's official India Twitter Support account has been hacked and is being used to do crypt0 scam under Elon Musk's tweets pic.twitter.com/WFy4iz7iDi
— Ishan Agarwal (@ishanagarwal24) May 6, 2021
കൂടാതെ, ''മൂന്ന് മിനിറ്റുകൾക്കകം തങ്ങൾ ആരംഭിക്കുന്ന പ്രക്ഷേപണത്തിലൂടെ ധാരാളം ബിറ്റ്കോയിനുകൾ സ്വന്തമാക്കൂ'' എന്ന് ട്വീറ്റ് ചെയ്ത് ആളുകളെ ആകർഷിക്കുകയും ചെയ്തു. ''വികേന്ദ്രീകരണത്തെക്കുറിച്ചുള്ള പൊതുവെയുള്ള ധാരണകളെ മറികടന്നുകൊണ്ട് പോവുകയാണ് ടെസ്‌ല.. ഇന്ന് നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യവുമായി നമ്മളെത്തുന്നു..'' -തട്ടിപ്പുകാർ ഹാക്ക് ചെയ്ത അക്കൗണ്ടിലിട്ട മറ്റൊരു ട്വീറ്റ് ഇങ്ങനെയായിരുന്നു.
എന്തായാലും കൂടുതൽ അപകടമുണ്ടാകുന്നതിന് മുേമ്പ റിയൽമി അവരുടെ ട്വിറ്റർ അക്കൗണ്ട് തിരിച്ചുപിടിച്ചു. ഉടൻ തന്നെ ടെസ്‌ല എന്ന പേര് മാറ്റി ട്വീറ്റുകൾ ഡിലീറ്റ് ചെയ്ത് അക്കൗണ്ട് പഴയപടിയാക്കുകയു ചെയ്തു. എങ്ങനെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് അന്വേഷിച്ച് വരികയാണെന്നും കമ്പനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.