ഇലോൺ മസ്കിനെ ഗസ്സയിലേക്ക് ക്ഷണിച്ച് ഹമാസ്
text_fieldsടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിനെ ഗസ്സയിലേക്ക് ക്ഷണിച്ച് ഹമാസ്. ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന ഗസ്സയിലെ സ്ഥലങ്ങൾ മസ്ക് കാണണമെന്ന് ഹമാസ് പ്രതിനിധി പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച മസ്ക് രാജ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫലസ്തീൻ പ്രദേശങ്ങളിലെ തീവ്രവാദം ഇല്ലാതാക്കണമെന്നും മസ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസ് പ്രതിനിധിയുടെ പ്രതികരണം.
ഗസ്സ സന്ദർശിക്കാൻ മസ്കിനെ ക്ഷണിക്കുകയാണ്. ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയിട്ടുള്ള ആക്രമണങ്ങൾ മസ്ക് കാണണമെന്ന് ഹമാസ് പ്രതിനിധി ഒസാമ ഹംദാൻ ബെയ്റൂത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ മസ്ക് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരെയടക്കം കണ്ട അദ്ദേഹം ഗസ്സയുടെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടെന്നും എന്നാൽ, ഇത് തീവ്രവാദമുക്തമാക്കിയ ശേഷമാകണമെന്നും അഭിപ്രായപ്പെട്ടു.
ഗസ്സ യുദ്ധത്തിൽ ജൂതവിരുദ്ധ നിലപാടെടുത്തു എന്ന് ആരോപണമുയർത്തി മസ്കിനെതിരെ വ്യാപക വിമർശനം ഇസ്രായേൽ ഭാഗത്തു നിന്ന് നേരത്തെയുണ്ടായിരുന്നു. ഇസ്രായേൽ വിരുദ്ധത ആരോപിച്ച് ആപ്പിൾ അടക്കമുള്ള വൻകിട ഭീമൻമാർ എക്സിനുള്ള പരസ്യം പിൻവലിക്കുന്ന സംഭവമുണ്ടായിരുന്നു. എക്സിൽ മറ്റൊരാളുടെ ജൂതവിരുദ്ധ പരാമർശത്തിന് മസ്ക് പിന്തുണ നൽകിയെന്നതും വിവാദമായി. ഇതിനൊക്കെ പരിഹാരമെന്നോണമാണ് മസ്കിന്‍റെ ഇപ്പോഴത്തെ സന്ദർശനമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.