ഓൺലൈനിൽ വഞ്ചിതരായോ? -പരാതിപ്പെടൂ, കമ്പനി നിങ്ങളുടെ നാട്ടിൽവരും
text_fieldsകൊച്ചി: മൊബൈൽ ഫോൺ ഓർഡർ ചെയ്യുമ്പോൾ ലഭിച്ചത് വാച്ച്, പവർ ബാങ്കിന് പകരം കിട്ടിയത് കൂളിങ് ഗ്ലാസ്... ഓൺലൈൻ ഷോപ്പിങ്ങിൽ ഇത്തരം പരാതികൾ വ്യാപകമാണ്. വഞ്ചിതരാവുമ്പോൾ പരാതി നൽകാനുള്ള സാധ്യതകളെക്കുറിച്ചറിയാതെ കിട്ടുന്നത് സ്വീകരിച്ച് മിണ്ടാതിരിക്കുന്നവരാണ് അധികവും. എന്നാൽ, ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ ഓൺലൈൻ ഷോപ്പിങ് ഉൾപ്പെടുത്തി പരിഷ്കരിച്ചതോടെ ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാര മാർഗമുണ്ട്. ഡൽഹിയിലോ മുംബൈയിലോ ബംഗളൂരുവിലോ ഉള്ള ഓൺലൈൻ ഷോപ്പിങ് സ്ഥാപനത്തിനെതിരെ അവിടെ പരാതിപ്പെടേണ്ടതില്ല.
ഓൺലൈൻ, ടെലി മാർക്കറ്റിങ്, മൾട്ടി മാർക്കറ്റിങ്, ഡയറക്ട് മാർക്കറ്റിങ് വ്യാപാര മേഖലകളെക്കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ചതിെൻറ വിജ്ഞാപനം 2020 ജൂലൈ 23നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഇതുപ്രകാരം ഏതെങ്കിലും ഓൺലൈൻ വ്യാപാരത്തിൽ വഞ്ചിക്കപ്പെട്ടാൽ എതിർകക്ഷിയുടെ സ്ഥാപനം സ്ഥിതിചെയ്യുന്ന നഗരത്തിലേക്ക് വണ്ടികയറേണ്ടതില്ല, പരാതിക്കാരൻ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ തർക്കം ഉടലെടുത്തതോ ആയ ജില്ലയിലെ ഉപഭോക്തൃകോടതിയെ സമീപിക്കാം. അന്താരാഷ്ട്ര കമ്പനിയാണെങ്കിലും അവർ ഇവിടെവന്ന് കേസ് നടത്തേണ്ടിവരും. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകൾക്ക് കേരളത്തിൽ ബ്രാഞ്ച് ഓഫിസുകളില്ലാത്തത് തിരിച്ചടിയായിരുന്ന സ്ഥിതി ഇതോടെ മാറും. ഇ-കോമേഴ്സ് കമ്പനികളിൽനിന്ന് വാങ്ങിയ ഉൽപന്നങ്ങൾ മടക്കിനൽകിയാൽ റദ്ദാക്കൽ നിരക്ക് പാടില്ലെന്ന വ്യവസ്ഥയുമുണ്ട്.
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ വ്യാപാരികൾ പരാതി ഓഫിസറെ നിയമിക്കണം. വില, കാലഹരണപ്പെടൽ തീയതി, പണം തിരികെ ലഭിക്കൽ, എക്സ്ചേഞ്ച്, വാറൻറി, ഗാരൻറി, ഡെലിവറി, ഷിപ്പിങ്, പണമടക്കൽ രീതികൾ, പരാതിപരിഹാര സംവിധാനം തുടങ്ങിയവ വെബ്സൈറ്റിൽതന്നെ വ്യക്തമാക്കണം. വെബ്സൈറ്റിൽ നൽകുന്ന ഉൽപന്നത്തിെൻറ ചിത്രവും യഥാർഥ ഉൽപന്നവും വ്യത്യസ്തമാകരുത്. വിൽപനക്കാരിൽനിന്ന് ഉൽപന്നത്തിെൻറ വിശദാംശങ്ങൾ, ചിത്രം എന്നിവ കൃത്യമാണെന്ന സത്യവാങ്മൂലം കമ്പനികൾ വാങ്ങിയിരിക്കണം.
ജില്ല, സംസ്ഥാന കമീഷനുകൾക്ക് സ്വന്തം വിധികൾ പുനഃപരിശോധിക്കാനുള്ള അധികാരവുമുണ്ടാകും. പരാതികൾ ഓൺലൈനായി നൽകാമെന്നതാണ് മറ്റൊരു പ്രത്യേകത. മധ്യസ്ഥതക്ക് പകരമുള്ള തർക്കപരിഹാര സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മധ്യസ്ഥതയിലൂടെയുള്ള ഒത്തുതീർപ്പിനെതിരെ അപ്പീൽ നൽകാനാകില്ല. അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകൾ ഫീസ് ഇല്ലാതെ ഫയൽ ചെയ്യാം. ഉപഭോക്താവിനെ രാജാവാക്കുന്നതാണ് പുതിയ മാറ്റങ്ങളെന്ന് അഭിഭാഷകനായ ഡി.ബി. ബിനു 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.