ട്വിറ്ററിൽ തരംഗമായി 'ഫേസ്ബുക്ക് മരിച്ചു' ഹാഷ്ടാഗ്; പിന്നിൽ ഇസ്രായേലികൾ, കാരണമിതാണ്...
text_fieldsഫേസ്ബുക്ക് അവരുടെ മാതൃ കമ്പനിയുടെ പേര് മാറ്റി 'മെറ്റ' എന്നാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനി ഇതുവരെ അറിയപ്പെട്ടിരുന്നത് ഫേസ്ബുക്ക് ഇൻകോർപറേറ്റ് എന്നായിരുന്നു. സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി പോലുള്ള പുത്തൻ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടായിരുന്നു കമ്പനിയുടെ പേരു മാറ്റം.
എന്നാൽ, ഇസ്രായേലിലെ സമൂഹ മാധ്യമ യൂസർമാർ പേരുമാറ്റത്തിൽ ഫേസ്ബുക്കിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ്. 'മെറ്റ' എന്ന വാക്കാണ് അതിന് കാരണമായത്. ഹീബ്രു ഭാഷയിൽ 'മരണം' എന്ന് അർഥം വരുന്ന പദമാണ് 'മെറ്റ'യെന്ന് അവർ അവകാശപ്പെടുന്നു. ഹീബ്രുവിൽ മെറ്റ് എന്നാൽ 'അവൾ മരിച്ചു' എന്നാണത്രേ.
നിരവധി ഇസ്രായേൽ സ്വദേശികളാണ് #FacebookDead എന്ന ഹാഷ്ടാഗിൽ അത് ചൂണ്ടിക്കാട്ടിക്കൊണ്ട് ട്വിറ്ററിലെത്തിയത്. 'ഹീബ്രു സംസാരിക്കുന്ന എല്ലാവർക്കും ചിരിക്കാൻ ഒരു കാരണം നൽകിയതിന് നന്ദി' -ഒരാൾ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. 'ബ്രാൻഡിങ് ഗവേഷണം കാര്യമായി നടത്താത്തതിെൻറ ഫലമാണിതെന്ന്' മറ്റൊരാൾ കുറിച്ചു.
Meta means "she died" in Hebrew. #FacebookDead https://t.co/9C5MEUqLhI
— Amy Dara Hochberg (@YogaWithAmyDara) October 29, 2021
അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്ബുക്കും വാട്സ്ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായിരുന്നു. ഇതേതുടർന്ന് നടന്ന ചർച്ചകളിൽ ഫേസ്ബുക്കിെൻറ പേരു മാറ്റാൻ പോകുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ആപ്പുകളിലും ബ്രാൻഡുകളിലും മാറ്റമില്ലെന്നും പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നുമാണ് സുക്കർബർഗ് അറിയിച്ചത്. സമൂഹ മാധ്യമങ്ങളുടെ ഭാവി മെറ്റാവേഴ്സിലാണെന്നാണ് സക്കർബർഗ് കരുതുന്നത്. അത് മുന്നിൽകണ്ടാണ് പേരുമാറ്റം. വെർച്വൽ റിയാലിറ്റി, ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതികവിദ്യകളിൽ കമ്പനി വലിയ നിക്ഷേപമാണ് നടത്തുന്നത്. അതേ സമയം, അടുത്തിടെ ഉയർന്ന വിവാദങ്ങളിൽ നിന്ന് മുഖംരക്ഷിക്കാനാണ് ഫേസ്ബുക്ക് പേരുമാറ്റിയതെന്നാണ് വിമർശകരുടെ അഭിപ്രായം. ഫേസ്ബുക്കിനെതിരെ മുൻ ജീവനക്കാർ നടത്തിയ ആരോപണങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.