സ്റ്റാറ്റസ് റിയാക്ഷൻ, കോൾ ലിങ്ക്സ്, ഗ്രൂപ്പ് കൺട്രോൾ; വാട്സ്ആപ്പിലേക്ക് എത്തിയ കിടിലൻ ഫീച്ചറുകൾ
text_fieldsവലിയ സ്വീകാര്യത ലഭിച്ച 'മെസ്സേജ് റിയാക്ഷന്' പിന്നാലെ വാട്സ്ആപ്പിലേക്ക് പുതിയ റിയാക്ഷൻ ഫീച്ചർ കൂടി അവതരിപ്പിച്ചു. സ്റ്റാറ്റസുകൾക്ക് റിയാക്ഷൻ ഇമോജികൾ അയക്കാനുള്ള ഓപ്ഷനാണ് ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി കൊണ്ടുവന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം - ഫേസ്ബുക്ക് സ്റ്റോറികളിൽ നിലവിലുള്ള റിയാക്ഷൻ സവിശേഷതക്ക് സമാനമാണിത്.
നിലവിൽ, തിരഞ്ഞെടുക്കാൻ എട്ട് ഇമോജി ഓപ്‌ഷനുകൾ മാത്രമാണുള്ളത്. എന്നാൽ, മെസ്സേജ് റിയാക്ഷനിൽ നിലവിലുള്ളത് പോലെ, ഭാവിയിൽ ഇഷ്ടമുള്ള ഇമോജികൾ അയക്കാനുള്ള ഫീച്ചർ കൂടി സ്റ്റാറ്റസ് റിയാക്ഷനിലേക്ക് എത്തിയേക്കാം. ഫീച്ചർ ഇപ്പോൾ യൂസർമാർക്ക് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ വാട്സ്ആപ്പ് പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ മറക്കണ്ട.
ഇതിനു പുറമെ 'കോൾ ലിങ്ക്സ്' എന്ന ഫീച്ചറും വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ മീറ്റിലും സൂമിലും ചെയ്യുന്നത് പോലെ ഗ്രൂപ്പ് കോളുകളിലേക്കുള്ള ലിങ്കുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സവിശേഷത. അതുവഴി ആളുകൾക്ക് എളുപ്പത്തിൽ ഗ്രൂപ്പ് കോളുകളിൽ ചേരാനാകും.
ചില ഗ്രൂപ്പ് നിയന്ത്രണ ഫീച്ചറുകൾ കൂടി വാട്സ്ആപ്പിലേക്ക് എത്തിയിട്ടുണ്ട്. ആരെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തുകടന്നാൽ ഇപ്പോൾ ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ അതിനെ കുറിച്ച് അറിയാനാകൂ. മറ്റുള്ളവരുടെ സന്ദേശങ്ങൾ അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനുമെത്തിയിട്ടുണ്ട്. അതുപോലെ ഡിലീറ്റ് ചെയ്ത സന്ദേശം തിരിച്ചെടുക്കാനുള്ള 'അൺഡു ഓപ്ഷനും' വാട്സ്ആപ്പിലേക്ക് വൈകാതെ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.