ഐഫോൺ, ഐപാഡ്, മാക്ബുക്ക് ഉപയോഗിക്കുന്നവർ ജാഗ്രതൈ..; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസി
text_fieldsഐഫോണും ഐപാഡും മാക്ബുക്കും വിഷൻ പ്രോ ഹെഡ്‌സെറ്റുകളും ഉൾപ്പെടുന്ന ആപ്പിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് ‘ഹൈ-റിസ്ക്’ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി. ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെടാനും മാൽവെയറുകൾ കടന്നുകൂടാനും സാധ്യതയുണ്ടെന്നാണ് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT -In) പറയുന്നത്. ഉയർന്ന അപകടസാധ്യത എടുത്തുപറഞ്ഞുകൊണ്ടാണ് സി.ഇ.ആർ.ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സൈബർ കുറ്റവാളികൾക്ക് വിദൂര സ്ഥലത്ത് നിന്ന് നിങ്ങളുടെ ആപ്പിൾ ഉപകരണങ്ങളിൽ അപകടം വിതക്കാൻ കഴിയുന്ന ‘‘റിമോട്ട് കോഡ് എക്‌സിക്യൂഷനു’’മായി ബന്ധപ്പെട്ടതാണ് കണ്ടെത്തിയ സുരക്ഷാ പിഴവ്. പ്രത്യേക ലിങ്കുകൾ സന്ദർശിക്കുന്നവരുടെ ഉത്പന്നങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഫോണിലേക്ക് വരുന്ന ലിങ്കുകൾ സന്ദർശിക്കുമ്പോഴും പബ്ലിക് വൈ-ഫൈ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
17.4.1-ന് മുമ്പുള്ള ആപ്പിൾ സഫാരി പതിപ്പുകൾ, 13.6.6-ന് മുമ്പുള്ള ആപ്പിൾ മാക് ഓ.എസ് Ventura പതിപ്പുകൾ, 14.4.1-ന് മുമ്പുള്ള ആപ്പിൾ മാക് ഓ.എസ് Sonoma പതിപ്പുകൾ, 1.1.1-ന് മുമ്പുള്ള ആപ്പിൾ വിഷൻ ഓ.എസ് പതിപ്പുകൾ എന്നിവയുൾപ്പെടെ, ആപ്പിളിൻ്റെ സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയറുകളുടെ ഒരു ശ്രേണിയെ ഈ അപകടസാധ്യത ബാധിക്കുന്നു. 17.4.1-ന് മുമ്പുള്ള ആപ്പിൾ iOS, ഐപാഡ് ഒ.എസ് പതിപ്പുകൾ, 16.7.7-ന് മുമ്പുള്ള Apple iOS, iPadOS പതിപ്പുകൾ എന്നിവയെയും ബാധിക്കുന്നുണ്ട്.
വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രംആപ്പുകൾ ഡൗൺലോഡ് ചെയ്യുകയും, ഏറ്റവും പുതിയ വേർഷനിലേക്ക് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നതിലൂടെ സുരക്ഷാവീഴ്ചയെ കാര്യമായി പ്രതിരോധിക്കാൻ കഴിയും. ടു-ഫാക്ടർ ഒതന്റിക്കേഷൻ (2FA) ഓൺ ചെയ്തിടാനും CERT-in നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.