മമ്മൂട്ടിക്ക് 7.97 ലക്ഷം ഫോളോവേഴ്സ്, മോഹൻലാലിന് 9.25 ലക്ഷം; വാട്സ്ആപ്പിൽ തരംഗമായി ചാനലുകൾ
text_fieldsകഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘ചാനലുകളാണ്’ വാട്സ്ആപ്പ് യൂസർമാർക്കിടയിലെ ചർച്ചാവിഷയം. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും നടൻമാരായ മമ്മൂട്ടിയും മോഹൻലാലുമൊക്കെ അവരുടെ വാട്സ്ആപ്പ് ചാനലുകളുമായി രംഗപ്രവേശം ചെയ്തുകഴിഞ്ഞു. 7.97 ലക്ഷം ആളുകളാണ് മമ്മൂട്ടിയുടെ ചാനൽ പിന്തുടരുന്നത്. 9.25 ലക്ഷം പിന്തുടർച്ചക്കാരാണ് മോഹൻലാലിനുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ 51 ലക്ഷം ആളുകളാണ് വാട്സാപ്പ് ചാനലിൽ പിന്തുടരുന്നത്. അക്ഷയ് കുമാറിനു 41 ലക്ഷവും കത്രീന കൈഫിനു 84 ലക്ഷവും ആരാധകരുണ്ട്.
എന്താണ് ‘വാട്സ്ആപ്പ് ചാനൽ’, അതുകൊണ്ട് വാട്സ്ആപ്പ് ഉദ്ദേശിക്കുന്നത് എന്താണ്..? നമുക്ക് വാട്സ്ആപ്പ് ചാനൽ തുടങ്ങാൻ വകുപ്പുണ്ടോ...? എല്ലാത്തിനെയും കുറിച്ച് അറിയാം...
എന്താണ് വാട്സ്ആപ്പ് ചാനൽ..?
ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, വാട്സ്ആപ്പ് ചാനലെന്ന് ലളിതമായി പറയാം. നിങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തികൾ, അത് രാഷ്ട്രീയത്തിലോ, സിനിമയിലോ, കായിക രംഗത്തോ ഏതിലുള്ളവരുമാകട്ടെ, അവർക്ക് നിങ്ങളുമായി പങ്കുവെക്കേണ്ടുന്ന ഏറ്റവും പുതിയ അപ്ഡേറ്റുകളും വിവരങ്ങളുമൊക്കെ പങ്കുവെക്കാനുള്ള ഇടമാണ് വാട്സ്ആപ്പ് ചാനലുകൾ. ഇതിനെ വൺ-വേ ബ്രോഡ്കാസ്റ്റ് ടൂൾ എന്ന് പറയാൻ കാരണം, ചാനലിലൂടെ അപ്ഡേറ്റുകൾ നൽകാമെന്നല്ലാതെ, പരസ്പരം സംവദിക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ടാണ്.
പിന്തുടരുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകള്‍ ഉപയോക്താവിന് മുന്നില്‍ എത്തുമെന്നാണ് വാട്ട്സ്ആപ്പ് പറയുന്നത്.
നമുക്കും ചാനൽ തുടങ്ങാമോ..??
വാട്സ്ആപ്പ് ചാനൽ വെറും സെലിബ്രിറ്റികൾക്ക് വേണ്ടി മാത്രമുള്ളതല്ല, വേണമെങ്കിൽ ആർക്കും എത്രയും ചാനലുകൾ തുടങ്ങാവുന്നതാണ്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ വാട്സ്ആപ്പ് ചാനൽ തുടങ്ങി ആരാധകരുമായി അതിന്റെ ലിങ്ക് പങ്കിട്ടിരുന്നു. അതിലൂടെയാണ് പലരും ചാനലിൽ ജോയിൻ ചെയ്തത്. നിങ്ങൾക്കും നിങ്ങളുടെ ചാനലിന്റെ ലിങ്ക് സുഹൃത്തുക്കളുമായി പങ്കുവെക്കാം.
വാട്സ്ആപ്പ് ചാനൽ എങ്ങനെ തുടങ്ങാം..?
- ആദ്യം നിങ്ങളുടെ വാട്സ്ആപ്പ് ഏറ്റവും പുതി വേർഷനാണെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ, പ്ലേസ്റ്റോറിൽ പോയി ആപ്പ് അപ്ഡേറ്റ് ചെയ്യുക.
- ശേഷം വാട്സ്ആപ്പ് തുറന്നാൽ, സ്റ്റാറ്റസിന് പകരം അപ്ഡേറ്റ്സ് എന്ന പുതിയ ടാബ് ദൃശ്യമാകും. അത് തുറക്കുക.
- നിരവധി സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ‘ഫോളോ’ എന്ന എക്കണോടെ കാണാൻ സാധിക്കും. അതിന് മുകളിലായി പ്ലസ് (+) എന്ന ഐകൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
- അതിൽ ‘ക്രിയേറ്റ് ചാനൽ’ എന്ന ഓപ്ഷനുണ്ടാകും.
- നിങ്ങൾക്ക് ഇഷ്ടമുള്ള പേരും ചിത്രവും മറ്റ് വിശദാംശങ്ങളും നൽകി ചാനൽ നിർമിക്കാൻ സാധിക്കും
പ്രൈവസി
നിങ്ങൾ ചാനൽ തുടങ്ങി, അതിന്റെ ലിങ്ക് ആരുമായി പങ്കിട്ടാലും അതിലൂടെ നിങ്ങളുടെ നമ്പറോ, മറ്റ് വിവരങ്ങളോ ആർക്കും ലഭിക്കില്ല. അതായത്, ഫോൺ നമ്പർ പങ്കിടാതെ തന്നെ ചാനലുകൾ പിന്തുടരാൻ എല്ലാവർക്കും സാധിക്കും. ചാനൽ അഡ്മിനിന്റെയോ, ചാനൽ പിന്തുടരുന്നവരുടെയോ പേരോ, നമ്പറോ ആർക്കും ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.