അമേരിക്കയുടെ ഉപരോധം സമ്മാനിച്ചത് വലിയ ആഘാതം; സുപ്രധാന നീക്കവുമായി ഹ്വാവേ
text_fieldsഅമേരിക്കയുടെ ഉപരോധവും അതിന് പിന്നാലെ ഗൂഗ്ൾ, ആൻഡ്രോയ്ഡ് ലൈസൻസ് റദ്ദാക്കിയതുമെല്ലാം ചൈനീസ് ടെക്നോളജി ഭീമനായ ഹ്വാവേയ്ക്ക് വമ്പൻ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. ഗൂഗ്ൾ ആപ്പുകൾ പ്രവർത്തിക്കാത്ത ഫോണുകൾ ചൈനക്ക് പുറത്തുള്ള ആളുകൾ വാങ്ങാൻ മടിച്ചതോടെ ഹ്വാവേ ബ്രാൻഡിെൻറ ഡിമാൻറ് ഗണ്യമായി കുറഞ്ഞു. ഒരുകാലത്ത് കാമറ ക്വാളിറ്റിയിലും മറ്റ് നൂതനമായ ഫീച്ചറുകളിലും ആപ്പിളിനെ പോലും വെല്ലുന്ന സ്മാർട്ട്ഫോണുകൾ നിർമിച്ചിരുന്ന ഹ്വാവേ ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള കഠിന പരിശ്രമത്തിലാണ്.
വിപണിയിൽ തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി മനസിലാക്കി ഹ്വാവേ അവരുടെ സ്മാർട്ട്‌ഫോൺ നിർമാണം 50 ശതമാനത്തോളം കുറക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സ്മാർട്ട്‌ഫോൺ കോമ്പണൻറ് ഓർഡറുകൾ ഈ വർഷം 60 ശതമാനത്തിലധികം കുറയുമെന്ന് ഹ്വാവേ ടെക്‌നോളജീസ് വിതരണക്കാരെ അറിയിച്ചുകഴിഞ്ഞു. 7-8 കോടി സ്മാർട്ട്‌ഫോണുകൾക്ക് ആവശ്യമായ ഘടകങ്ങൾ ഓർഡർ ചെയ്യാനാണ് ഇൗ വർഷം ഹ്വാവേ പദ്ധതിയിടുന്നത്. ഇത് കഴിഞ്ഞ വർഷം കയറ്റി അയച്ച 18 കോടി സ്മാർട്ട്‌ഫോണുകളിൽ നിന്ന് 60 ശതമാനത്തിലധികം കുറവാണ്. 2019ൽ 24 കോടി സ്മാർട്ട്ഫോണുകളായിരുന്നു ഹ്വാവേ കയറ്റിയയച്ചത്. 2020 നവംബറിൽ ഹുവാവേ തങ്ങളുടെ സ്മാർട്ട്‌ഫോൺ സബ് - ബ്രാൻഡായ ഹോണർ വിറ്റിരുന്നു.
ഹ്വാവേ അവരുടെ സ്മാർട്ട്‌ഫോൺ ബിസിനസ് വിൽക്കാൻ പോവുകയാണെന്ന റിപ്പോർട്ടുകൾ ഹ്വാവേയുടെ സി.ഇ.ഒയും ഫൗണ്ടറുമായ റെൻ ഴെങ്ഫേയ് നിഷേധിച്ചിട്ടുണ്ട്. വിപണിയിൽ സജീവമാകാനായി പുതിയ ഫോൾഡബ്ൾ സ്മാർട്ട്‌ഫോൺ ഹ്വാവേ മേറ്റ് എക്സും ഫ്ലാഗ്ഷിപ്പ് ഫോണായ പി50 സീരീസും കമ്പനി ഉടൻ തന്നെ ലോഞ്ച് ചെയ്യാനായി കാത്തിരിക്കുകയാണ്. എങ്കിലും കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് ഇത്തവണ സ്മാർട്ട്‌ഫോൺ നിർമാണം പകുതിയായി കുറയുമെന്നും കമ്പനി സൂചന നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.