കൊച്ചിയിൽ അത്യാധുനിക ഡെവലപ്മെൻറ് സെൻററുമായി പ്രമുഖ ഐടി കമ്പനി ഐ.ബി.എം
text_fieldsകൊച്ചി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐ.ബി.എം പുതിയ ഡെവലപ്മെൻ്റ് സെൻ്റർ കൊച്ചിയിൽ ആരംഭിക്കുന്നു. ഹൈബ്രിഡ് ക്ളൗഡ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെൻററിൽ വികസിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ഐ.ടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ.ബി.എം സോഫ്റ്റ്വെയർ ലാബ്സ് -ൻ്റെ സെൻ്ററാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത്. ഇന്നലെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.ബി.എം ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ സന്ദീപ് പട്ടേൽ, ഐ.ബി.എം ഇന്ത്യ സോഫ്റ്റ്വെയർ ലാബ്സിൻ്റെ വൈസ് പ്രസിഡണ്ടായ ഗൗരവ് ശർമ്മ എന്നിവരുമായി വളരെ ക്രിയാത്‌മകമായ ചർച്ച നടക്കുകയുണ്ടായി. ചർച്ചയിൽ ഡിജിറ്റൽ നോളജ് എകോണമിയായി കേരളത്തെ വളർത്താനുള്ള എൽ.ഡി.എഫ് സർക്കാരിൻ്റെ കാഴ്ചപ്പാടുകൾ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിർദ്ദേശങ്ങൾ സ്വീകരിക്കാനും സാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
അതോടൊപ്പം ഐടി നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിൽ സാങ്കേതിക മേഖലയ്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചർച്ച ചെയ്തു. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉല്പന്നങ്ങൾ നിർമ്മിക്കുക എന്നതായിരിക്കും കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന പുതിയ സെൻ്ററിൻ്റെ പ്രധാന പ്രവർത്തനം. ഐ.ബി.എം കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിൻ്റെ ഐ.ടി മേഖലയ്ക്ക് വലിയ കുതിപ്പു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.