‘ഇത് ചെയ്യരുത്, പണം പോകും’; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
text_fieldsഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ ബാങ്ക്. ബാങ്കുകളുടെ പേരിൽ സൈബർ കുറ്റവാളികൾ വ്യാജ ആപ്പുകളും വെബ് സൈറ്റുകളും പ്രചരിപ്പിക്കുകയും അവയിലൂടെ നിരവധി ഉപയോക്താക്കൾ വഞ്ചിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ മുന്നറിയിപ്പുമായി അവർ എത്തിയത്.
ഉപയോക്താക്കൾ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ എസ്.എം.എസ് ആയും വാട്സ്ആപ്പ് സന്ദേശമായുമാണ് പുതിയ നിർദേശം വന്നിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥർ ഒരിക്കലും ഫോണിലൂടെ ബന്ധപ്പെട്ട് ബാങ്കിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കില്ല എന്ന തരത്തിലുള്ള സന്ദേശമാണ് ഇവർ ഉപയോക്താക്കൾക്ക് നൽകിയിരിക്കുന്നത്.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ആപ്പ് നിലവിൽ ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുമടക്കം ലഭ്യമാണ്. ഉപയോക്താക്കൾക്ക് ആവിശ്യമെങ്കിൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ബാങ്ക് ഇതിനായി നിർബന്ധിക്കില്ല. ഐ.സി.ഐ.സി.ഐ ബാങ്കിന് മാത്രമല്ല എല്ലാ ബാങ്കുകൾക്കും ഇത്തരത്തിൽ ആപ്പുകൾ ഉണ്ടായിരിക്കുന്നതാണ്. വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പാടുള്ളൂ.
ആരെങ്കിലും പങ്കുവെക്കുന്ന എ.പി.കെ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വലിയ അപകടം വിളിച്ചുവരുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൈബർ ക്രിമിനലുകൾ മാൽവെയറുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തെറ്റായ മാർഗങ്ങളിലൂടെ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകളിലൂടെ ഫോണിൽ മാൽവെയറുകൾ കടന്നുകൂടുകയും അവ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം അവർ കൈക്കലാക്കുകയും ചെയ്യും.
അജ്ഞാത ഐഡികളിൽ നിന്ന് വരുന്ന ഇ-മെയിലുകൾ വഴിയാണ് എ.പി.കെ ആപ്പുകൾ പ്രധാനമായും ഉപയോക്താക്കളുടെ പക്കലെത്തിക്കുന്നത്. ബാങ്കിന്റെ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇത്തരത്തിൽ തട്ടിപ്പുകാർ ഉപയോക്താക്കളെ വലയിലാക്കുന്നത്. അതിൽ വീഴാതിരിക്കാനാണ് ഐ.സി.ഐ.സി.ഐ നിർദേശവുമായി എത്തിയിരിക്കുന്നത്. എല്ലാ ബാങ്കുകളുടെ ഉപയോക്താക്കളെയും ഇത്തരത്തിൽ കബളിപ്പിക്കാൻ സാധ്യതയുണ്ട്.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടായി...
ഫോണിൽ ലഭ്യമായ ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. ഫോൺ കൃത്യമായി അപ്ഡേറ്റ് ചെയ്യുക, ആപ്പുകൾക്ക് വരുന്ന അപ്ഡേറ്റുകളും നിർബന്ധമായും ചെയ്യുക, സംശയം തോന്നുന്ന വെബ്സൈറ്റുകൾ സന്ദർശിക്കാതിരിക്കുക. എ.പി.കെ ഫയലായി ലഭിക്കുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.